വെള്ളം കുടിക്കാന്‍ കടയിലെത്തി മാല പൊട്ടിച്ചു ബൈക്കില്‍ രക്ഷപ്പെട്ട പ്രതികള്‍ അറസ്റ്റില്‍; പിടിയിലായവര്‍ നിരവധി സമാനകേസുകളിലെ പ്രതികള്‍

കാസര്‍കോട്: കടയില്‍ നിന്നും വെള്ളം ചോദിച്ചു വാങ്ങിയതിനു ശേഷം കടയുടമയുടെ ഭാര്യയായ സ്ത്രീയുടെ കഴുത്തില്‍ നിന്നും സ്വര്‍ണമാല പൊട്ടിച്ചു ബൈക്കില്‍ കയറി രക്ഷപ്പെട്ട പ്രതികള്‍ പിടിയിലായി. കോട്ടിക്കുളം വെടിത്തറക്കാല്‍ ഫാത്തിമാ ക്വാട്ടേഴ്‌സില്‍ താമസിക്കുന്ന എം.കെ മുഹമ്മദ് ഇജാസ്(24), പനയാല്‍ ചേര്‍ക്കാപാറ സ്വദേശി ഹസ്‌ന മാന്‍സിലിലെ ഇബ്രാഹിം ബാദുഷ(24) എന്നിവരാണ് അറസ്റ്റിലായത്. സംഭവം നടന്നു പത്തു ദിവസത്തിനകം തന്നെ പ്രതികളെ പിടികൂടാന്‍ കഴിഞ്ഞത് പൊലീസിന് പൊന്‍ തൂവലായി മാറി. ഈമാസം 10നു രാവിലെ പതിനൊന്നു മണിയോടെ ചതുരക്കിണറിലെ സഹകരണ ബാങ്ക് ശാഖയ്ക്കു സമീപം അനാദിക്കട നടത്തുന്ന ബേബിയുടെ കഴുത്തില്‍ നിന്നാണ് മൂന്നു പവന്‍ സ്വര്‍ണം ഇരുവരും തട്ടിയെടുത്തത്. കള്ളന്മാരുമായി നടത്തിയ പിടിവലിക്കിടെ മാലയുടെ ഒരു കഷണം ബേബിക്കു തന്നെ കിട്ടിയിരുന്നു. സംഭവത്തെ തുടര്‍ന്ന് കാഞ്ഞങ്ങാട് ഡിവൈഎസ്പി. പി ബാലകൃഷ്ണന്‍ നായര്‍, ഹോസ്ദുര്‍ഗ് ഇന്‍സ്പെക്ടര്‍ കെ.പി ഷൈന്‍, എസ്.ഐ രാജീവന്‍ എന്നിവരുടെ നേതൃത്വത്തില്‍ പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ച് അന്വേഷണം ആരംഭിച്ചിരുന്നു. അന്വേഷണത്തിന്റെ ഭാഗമായി കഴിഞ്ഞ ദിവസങ്ങളില്‍ രാവും പകലുമായി വീടുകളിലും വ്യാപാര സ്ഥാപനങ്ങളിലും മറ്റുമായി 480 ല്‍ അധികം സിസിടിവി ക്യാമറകള്‍ സംഘം പരിശോധിച്ചാണ് പ്രതികളെ കണ്ടെത്തിയത്. പ്രതികളെ വിശദമായി ചോദ്യം ചെയ്തപ്പോള്‍ ഫെബ്രുവരിയില്‍ കരുവിഞ്ചിയത്തു റോഡില്‍ കൂടി നടന്നു പോവുകയായിരുന്ന സ്ത്രീ യുടെ മാല പൊട്ടിച്ച സംഭവത്തിലും മാര്‍ച്ചില്‍ ബന്തടുക്ക പടുപ്പിലെ ആയുര്‍വേദമരുന്ന് കടയുടെ അകത്തു കയറി മാല പൊട്ടിച്ച സംഭവത്തിലും കഴിഞ്ഞമാസം ചേരിപ്പാടി നാഗത്തിങ്കാല്‍ സ്ത്രീയുടെ മാല പൊട്ടിച്ച സംഭവത്തിലും ഇവര്‍ പ്രതികളാണെന്ന് തിരിച്ചറിഞ്ഞു. കര്‍ണാടക കങ്കനാടി, ബന്ദര്‍ പൊലിസ് സ്റ്റേഷനുകളില്‍ ഇവരുടെ പേരില്‍ ബൈക്ക് കവര്‍ന്ന കേസുകള്‍ നിലവിലുണ്ട്. കോഴിക്കോട് കസബ പൊലീസ് സ്റ്റേഷന്‍ പരിധിയില്‍ നടന്ന ബൈക്ക് മോഷണം പോയ സംഭവത്തിനു പിന്നിലെ പ്രതികള്‍ ഇവരാണെന്ന് തെളിഞ്ഞു. പതിനേഴാം വയസ്സില്‍ മോഷണം തുടങ്ങിയ മുഹമ്മദ് ഇജാസിന്റെ പേരില്‍ എറണാകുളം, കോഴിക്കോട് കണ്ണൂര്‍. കാസര്‍കോട് ജില്ലകളിലായി മയക്കു മരുന്ന് വിതരണം ഉള്‍പ്പെടെ ആറു കേസുകള്‍ നിലവിലുള്ളതായി ഡി.വൈഎസ്.പി പി ബാലകൃഷന്‍ നായര്‍ പറഞ്ഞു. ഇബ്രാഹിം ബാദുഷയുടെ പേരില്‍ കോഴിക്കോട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലും കൂടാതെ കര്‍ണാടകയിലെ മംഗളൂരു എന്നിവിടങ്ങളില്‍ ആയി 12 മോഷണ കേസുകള്‍ നിലവിലുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. സീനിയര്‍ സിവില്‍ പൊലീസ് ഓഫീസര്‍മാരായ രതീഷ്, ഷൈജു മോഹന്‍ സിവില്‍ പൊലീസ് ഓഫീസര്‍മാരായ അജിത്, രജീഷ്, നികേഷ്, ഷാജു, ജിനേഷ്, ഷജീഷ്, പ്രണവ് എന്നിവരും അന്വേഷണ സംഘത്തിലുണ്ടായിരുന്നു.

Leave a Comment

Your email address will not be published. Required fields are marked *

RELATED NEWS

You cannot copy content of this page