കാസര്‍കോട്: നാഷണല്‍ ഫെഡറേഷന്‍ ഓഫ് സ്റ്റേറ്റ് കോ-ഓപ്പറേറ്റീവ് ബേങ്ക്‌സ് (NAFSCOB) ഏര്‍പ്പെടുത്തിയ സുഭാഷ് യാദവ് അവാര്‍ഡ് തിമിരി സര്‍വീസ് സഹകരണ ബേങ്കിന് ലഭിച്ചു. ഇത് രണ്ടാം തവണയാണ് അഖിലേന്ത്യാ തലത്തിലുള്ള ഈ അവാര്‍ഡ് ബേങ്കിന് ലഭിക്കുന്നത്. ദേശീയ അവാര്‍ഡിന് അര്‍ഹത നേടിയ കേരളത്തിലെ ഏക സഹകരണ ബേങ്കാണ് തിമിരി ബേങ്ക്. രാജ്യത്തെ അറുപതിനായിരത്തിലധികം വരുന്ന പ്രാഥമിക സഹകണ ബേങ്കുകളില്‍ നിന്ന്, മികച്ച പ്രവര്‍ത്തനം നടത്തുന്ന മൂന്ന് ബേങ്കുകള്‍ക്കാണ് എല്ലാവര്‍ഷവും അവാര്‍ഡ് നല്‍കുന്നത്. കാര്‍ഷിക മേഖലയിലെ നിരന്തരമായ സമഗ്ര ഇടപെടലുകള്‍, ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍, ആരോഗ്യ-വിദ്യാഭ്യാസ മേഖലയിലെ പ്രവര്‍ത്തനം തുടങ്ങിയ മേഖലകളിലെ പ്രവര്‍ത്തനങ്ങളാണ് അവാര്‍ഡിന് പരിഗണിച്ചത്. നേരത്തെ മൂന്നുവര്‍ഷം മുമ്പാണ് ഈ അവാര്‍ഡ് ബാങ്കിന് ലഭിച്ചത്. ഈമാസം 26 നു ജയപ്പൂരില്‍ വച്ചു നടക്കുന്ന ചടങ്ങില്‍ അവാര്‍ഡ് ഏറ്റുവാങ്ങുമെന്ന് പ്രസിഡന്റ് വി രാഘവന്‍, കെ ദാമോദരന്‍, കെ.വി സുരേഷ്‌കുമാര്‍, പിപി ചന്ദ്രന്‍, ടി ബാബു എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.