ബേഡകത്ത് യുവാവിനെയും പൊലീസുകാരനെയും വെട്ടിക്കൊല്ലാന്‍ ശ്രമിച്ച കേസ്; പ്രതികളെ സംഭവസ്ഥലത്ത് എത്തിച്ച് തെളിവെടുത്തു

കാസര്‍കോട്: ബേഡകം പൊലീസ് സ്റ്റേഷന്‍ പരിധിയിലെ മുന്നാട്, അരിച്ചെപ്പില്‍ അധ്യാപക ദമ്പതികളെ അക്രമിക്കാന്‍ ശ്രമിച്ച വിവരം അറിഞ്ഞെത്തിയ യുവാവിനെയും പൊലീസുകാരനെയും വധിക്കാന്‍ ശ്രമിച്ച കേസിലെ പ്രതികളെ കസ്റ്റഡിയിലെടുത്ത് സംഭവ സ്ഥലത്തെത്തിച്ച് തെളിവെടുപ്പ് നടത്തി. അരിച്ചെപ്പ്, പുളിക്കാല്‍ ഹൗസിലെ ജിഷ്ണു സുരേഷ് എന്ന സുരേഷ് (24), സഹോദരന്‍ വിഷ്ണു സുരേഷ് (25) എന്നിവരെയാണ് ബേഡകം പൊലീസ് ഇന്‍സ്പെക്ടര്‍ രാജീവന്‍ വലിയവളപ്പിലിന്റെ നേതൃത്വത്തില്‍ തെളിവെടുപ്പ് നടത്തിയത്. അക്രമം നടന്ന സ്ഥലം, പ്രതികളുടെ വീട്, വസ്ത്രം മാറിയതായി പറയുന്ന സ്ഥലം, സംഭവത്തിനു ശേഷം രക്ഷപ്പെട്ട വഴികള്‍ എന്നിവിടങ്ങളിലാണ് തെളിവെടുപ്പ് നടത്തിയത്. വധശ്രമത്തിനു ഉപയോഗിച്ച കത്തി സംഭവദിവസം തന്നെ കണ്ടെത്തിയിരുന്നു.
ഏപ്രില്‍ 19ന് രാത്രിയിലാണ് കേസിനാസ്പദമായ സംഭവം. കൊറത്തിക്കുണ്ടിലെ അധ്യാപക ദമ്പതികളുടെ വീട്ടില്‍ ചെന്ന സഹോദരങ്ങള്‍ ബഹളം വയ്ക്കുകയും അക്രമഭീഷണി മുഴക്കുകയും ചെയ്യുകയായിരുന്നു. ഈ വിവരമറിഞ്ഞ് എത്തിയ അയല്‍ക്കാരനായ സരീഷിനെയും ബേഡകം സ്റ്റേഷനിലെ സിവില്‍ പൊലീസ് ഓഫീസര്‍ സൂരജിനെയും വെട്ടിപ്പരിക്കേല്‍പ്പിച്ചുവെന്നാണ് സഹോദരങ്ങള്‍ക്കെതിരെ രജിസ്റ്റര്‍ ചെയ്ത കേസ്. സംഭവത്തിനു ശേഷം ഒളിവില്‍ പോയ പ്രതികളെ മെയ് നാലിന് കന്യാകുമാരിയിലെ ലോഡ്ജില്‍ വച്ചാണ് പൊലീസ് പിടികൂടിയത്. ബേഡകത്ത് എത്തിച്ച് പ്രതികളുടെ അറസ്റ്റു രേഖപ്പെടുത്തി കോടതിയില്‍ ഹാജരാക്കി റിമാന്റു ചെയ്തു. ഇരുവരെയും വ്യാഴാഴ്ച കസ്റ്റഡിയിലെടുത്താണ് തെളിവെടുപ്പ് പൂര്‍ത്തിയാക്കിയത്.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
Scroll to top

You cannot copy content of this page