കാഞ്ഞങ്ങാട് ജില്ലാ ജയിലില്‍ നിന്നു പുറത്തിറങ്ങി നാലാംനാള്‍ തൊട്ട് കവര്‍ച്ചാ പരമ്പര; കുപ്രസിദ്ധ മോഷ്ടാവ് തൊരപ്പന്‍ സന്തോഷ് അറസ്റ്റില്‍

കാസര്‍കോട്: കുപ്രസിദ്ധ കവര്‍ച്ചക്കാരന്‍ തളിപ്പറമ്പ്, നടുവില്‍ പുലിക്കുരുമ്പയിലെ തൊരപ്പന്‍ സന്തോഷ് എന്ന നെടുമന സന്തോഷ് (45) അറസ്റ്റില്‍. മാനന്തവാടി ഡിവൈ.എസ്.പി വി.കെ വിശ്വംഭരന്റെ നേതൃത്വത്തില്‍ ഇന്‍സ്പെക്ടര്‍ വി.ജെ അഗസ്റ്റ്യന്‍, എസ്.ഐ പി.ഡി റോയിച്ചന്‍ എന്നിവരാണ് തൊരപ്പനെ അറസ്റ്റു ചെയ്തത്. കുപ്രസിദ്ധ കവര്‍ച്ചക്കാരനായ തൊരപ്പന്‍ സന്തോഷ് ഏപ്രില്‍ 11ന് ആണ് കാഞ്ഞങ്ങാട്, ജില്ലാ ജയിലില്‍ നിന്നും പുറത്തിറങ്ങിയത്. പുറത്തിറങ്ങിയ ഉടന്‍ കവര്‍ച്ച നടത്തുന്നതാണ് ഇയാളുടെ രീതി. അതിനാല്‍ സന്തോഷ് പുറത്തിറങ്ങിയ ശേഷം പൊലീസ് ജാഗ്രതയിലായിരുന്നു. കാഞ്ഞങ്ങാട് നിന്നും കണ്ണൂര്‍, പയ്യാവൂരിലെത്തിയ സന്തോഷ് ഏപ്രില്‍ 15-ാം തിയതി കണ്ടകശ്ശേരിയിലെ ഒരു ഹോട്ടലിലും വര്‍ക്ക് ഷോപ്പിലും കവര്‍ച്ച നടത്തി. എന്നാല്‍ ഇവിടങ്ങളില്‍ നിന്നു കാര്യമായതൊന്നും ലഭിച്ചില്ല. അതിനാല്‍ ഹോട്ടലിലെ രണ്ടു സിസിടിവി ക്യാമറകളും ഡിവിആര്‍ ഉള്‍പ്പെടെയുള്ള അനുബന്ധ സാധനങ്ങളും കൈക്കലാക്കിയാണ് മോഷ്ടാവ് സ്ഥലം വിട്ടത്. ഏപ്രില്‍ 16ന് പയ്യാവൂര്‍, വെമ്പുവ ജംഗ്ഷനിലെ പി. മാര്‍ട്ട് കുത്തിത്തുറന്ന് മൂന്നര ലക്ഷം രൂപ കവര്‍ന്നു. ഫോറന്‍സിക് വിദഗ്ധര്‍ നടത്തിയ പരിശോധനയില്‍ ഒരു വിരലടയാളം കണ്ടെത്തിയിരുന്നു. ഇത് തൊരപ്പന്‍ സന്തോഷിന്റേതാണെന്നു തിരിച്ചറിഞ്ഞു. മോഷ്ടാവിനെ കണ്ടെത്താനുള്ള തെരച്ചില്‍ തുടരുന്നതിനിടയില്‍ സന്തോഷ് വയനാട്ടിലേക്ക് കടന്നു. ഈ വിവരമറിഞ്ഞ മാനന്തവാടി പൊലീസ് ജാഗ്രത പാലിക്കുന്നതിനിടയിലാണ് തൊരപ്പന്‍ മുഴക്കുന്ന് ഭാഗത്ത് എത്തിയതും പൊലീസിന്റെ പിടിയിലാവുകയും ചെയ്തത്.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
Scroll to top

You cannot copy content of this page