കാസർകോട്: തട്ടികൊണ്ടുപോകല്‍, മയക്കുമരുന്ന് കടത്ത് തുടങ്ങി നിരവധി കേസുകളില്‍ പ്രതിയായ യുവാവിനെ കാപ്പ ചുമത്തി അറസ്റ്റു ചെയ്‌തു. കാഞ്ഞങ്ങാട് അമ്പലത്തറ ഏഴാം മൈലിലെ ബി റംഷീദി(31)നെയാണ് അമ്പലത്തറ പൊലീസ് കാപ്പ ചുമത്തി ജയിലിലടച്ചത്. ഇയാളുടെ പേരില്‍ ഹൊസ്‌ദുര്‍ഗ്ഗ്, അമ്പലത്തറ, നീലേശ്വരം, ചന്തേര സ്റ്റേഷനുകളിലായി ഒരു ഡസനിൽ അധികം കേസുകൾ ഉള്ളതായി പൊലീസ് പറഞ്ഞു. ഏതാനും മാസം മുമ്പ് കാറില്‍ മയക്കു മരുന്നു കടത്തുന്നതിനിടയിലാണ് റംഷീദ് പിടിയിലായത്. അന്നു പൊലീസ് കാറിനു കൈകാണിച്ചിരുന്നുവെങ്കിലും നിര്‍ത്താതെ പോയപ്പോള്‍ പിന്തുടര്‍ന്നാണ് പിടികൂടിയത്. ആ കേസിൽ റിമാന്റിലായിരുന്ന റംഷീദ് ഒരു മാസം മുമ്പാണ് പുറത്തിറങ്ങിയത്. ഇതിനിടയില്‍ കാപ്പ ചുമത്തി കൊണ്ടുള്ള ഉത്തരവും ഇറങ്ങി. പ്രതിക്കായുള്ള തെരച്ചില്‍ തുടരുന്നതിനിടയില്‍ മറ്റൊരു കേസില്‍ ഹൊസ്‌ദുര്‍ഗ്ഗ് കോടതിയില്‍ ഹാജരാകാന്‍ എത്തിയപ്പോഴാണ് അമ്പലത്തറ പൊലീസ് ഇന്‍സ്‌പെക്‌ടര്‍ ടി കെ മുകുന്ദന്‍ അറസ്റ്റു ചെയ്‌തത്