പെരിയ ഇരട്ടക്കൊല: സാമൂഹ്യ മാധ്യമങ്ങളില്‍ അപകീര്‍ത്തി പ്രചരണം; സിപിഎം ഉദുമ ഏരിയാ സെക്രട്ടറി മധു മുദിയക്കാല്‍ അടക്കം രണ്ടു പേര്‍ക്കെതിരെ കേസ്, ജില്ലാ പഞ്ചായത്ത് പ്രസിഡണ്ടിന്റെ കമന്റിനു താഴെ അശ്ലീല കമന്റിട്ട മൂന്നു കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്കെതിരെയും കേസ്

കാസര്‍കോട്: പെരിയ, കല്യോട്ടെ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരായ കൃപേഷ്, ശരത്‌ലാല്‍ എന്നിവരെ വെട്ടിക്കൊലപ്പെടുത്തിയ കേസിന്റെ വിധി പ്രസ്താവനയ്ക്കു പിന്നാലെ സാമൂഹ്യമാധ്യമങ്ങളില്‍ അപകീര്‍ത്തികരമായ പോസ്റ്റുകളും കമന്റുകളും ഇട്ടുവെന്ന പരാതികളില്‍ ബേക്കല്‍ പൊലീസ് രണ്ടു കേസുകള്‍ രജിസ്റ്റര്‍ ചെയ്തു. ഹൊസ്ദുര്‍ഗ് ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതി (രണ്ട്)യുടെ നിര്‍ദ്ദേശ പ്രകാരമാണ് കേസുകളെടുത്തത്. കൊല്ലപ്പെട്ട ശരത്‌ലാലിന്റെ പിതാവ് സത്യനാരായണന്‍ നല്‍കിയ പരാതിയില്‍ സിപിഎം ഉദുമ ഏരിയാ സെക്രട്ടറി മധു മുദിയക്കാല്‍, ഉദുമയിലെ അഖില്‍ പുലിക്കോടന്‍ എന്നിവര്‍ക്കെതിരെയാണ് കേസ്. അപകീര്‍ത്തിയും മാനഹാനിയും വരുത്തുന്ന രീതിയിലുള്ള പോസ്റ്റ് ഫേസ്ബുക്കിലും വാട്‌സ്ആപ്പിലും പ്രചരിപ്പിച്ചുവെന്നതിനാണ് കേസ്. ഇതു സംബന്ധിച്ച് സത്യനാരായണന്‍ ജില്ലാ പൊലീസ് മേധാവി ഡി. ശില്‍പയ്ക്കാണ് പരാതി നല്‍കിയത്. പരാതിയെ കുറിച്ച് അന്വേഷിക്കാന്‍ ബേക്കല്‍ പൊലീസിനെ ചുമതലപ്പെടുത്തി. അന്വേഷണ റിപ്പോര്‍ട്ട് കോടതിയില്‍ സമര്‍പ്പിച്ചതിനെ തുടര്‍ന്നാണ് ഹൊസ്ദുര്‍ഗ്ഗ് ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതി (രണ്ട്) നിര്‍ദ്ദേശപ്രകാരം കേസെടുത്തത്.
മറ്റൊരു പരാതിയില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകരായ മൂന്നു പേര്‍ക്കെതിരെയും കോടതി നിര്‍ദ്ദേശ പ്രകാരം ബേക്കല്‍ പൊലീസ് കേസെടുത്തു.
കാഞ്ഞങ്ങാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ടും കല്യോട്ട് ഇരട്ടക്കൊലക്കേസില്‍ കോടതി ശിക്ഷിച്ച പ്രതികളില്‍ ഒരാളുമായ കെ. മണികണ്ഠന്റെ ഫേസ് ബുക്ക് പോസ്റ്റിനു താഴെയും ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് ബേബി ബാലകൃഷ്ണന്‍ ഇട്ട കമന്റിനു താഴെയും അശ്ലീല ചുവയുള്ളതും മാനഹാനി വരുത്തുന്നതുമായ കമന്റിട്ടതിനു നിയാസ് മലബാറി, ജോസഫ് ജോസഫ്, ഹാഷിം ഈലംബയല്‍ എന്നിവര്‍ക്കെതിരെയാണ് കേസെടുത്തത്. മൈലാട്ടി, കൊളത്തുങ്കാല്‍ ഹൗസില്‍ എം. കൃപേഷ് നല്‍കിയ പരാതി പ്രകാരമാണ് കേസ്.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
ഓറഞ്ച് അലർട്ട്; കാസർകോട് ജില്ലയിൽ ശക്തമായ മഴയ്ക്ക് സാധ്യത,ജനങ്ങൾ ജാഗ്രത പാലിക്കണം,ദേശീയ പാതയിലെ നിർമ്മാണ മേഖലയിൽ മണ്ണെടുപ്പ് പ്രവർത്തനങ്ങൾ താത്കാലികമായി നിർത്തിവെക്കണമെന്ന് ജില്ലാ കളക്ടർ
Scroll to top

You cannot copy content of this page