വെബ് ഡെസ്ക്: ഐശ്വര്യത്തിന്റെയും സമൃദ്ധിയുടെയും ഉത്സവമായ ഓണത്തെ വരവേറ്റ് മലയാളികൾ. ഉത്രാടം എത്തിയതോടെ നാടും നഗരവും ആഘോഷ ലഹരിയിലാണ്.മഹത്തായ കാര്‍ഷിക സംസ്‌കൃതിയുടെ ഒളി മങ്ങാത്ത ഓര്‍മകളുണർത്തുന്ന ഓണനാളുകളിലെ പ്രധാനപ്പെട്ട ദിനമാണ് ഉത്രാടം.ഒന്നാം ഓണം എന്നറിയപ്പെടുന്ന ഉത്രാടത്തിൽ തിരുവോണ ആഘോഷങ്ങളുടെ മുന്നൊരുക്കത്തിലാണ് ലോകമെങ്ങുമുള്ള മലയാളികൾ. പൂക്കളമൊരുക്കാനും സദ്യയൊരുക്കാനും ഓണക്കോടി എടുക്കാനും ഉള്ള അവസാന വട്ട ഓട്ടത്തിലാണ് ഏവരും. വിലകയറ്റം രൂക്ഷമാണെങ്കിലും ആഘോഷത്തിന്‍റെ പൊലിമ കുറയരുതെന്ന വാശി എങ്ങും പ്രകടമാണ്. പൂക്കൾക്ക് ഇക്കുറി റെക്കോർഡ് വിലയാണ്. ഒരു കിലോ ബന്ദിപൂവിന് 120 മുതൽ 140 വരെയാണ് വില. മറ്റ് അവശ്യസാധനങ്ങൾക്കും വില വർധിച്ചിട്ടുണ്ട്. സാധാരണയായി സർക്കാർ അനുവദിക്കാറുള്ള ഓണകിറ്റ് ഇക്കുറി പരിമിതപ്പെടുത്തിയതും സാധാരണക്കാർക്ക് ഇരിട്ടടിയായി. എന്നാലും കോവിഡ് കാലം ആഘോഷങ്ങൾക്ക് മങ്ങലേൽപ്പിച്ചതിന് ശേഷം സജീവമായ ആഘോഷ കാഴ്ചകളാണ് ഇക്കുറി നാട്ടിൽ കാണുന്നത്. ആണ്ടിലൊരിക്കൽ പ്രജകളുടെ ക്ഷേമമറിയാൻ വിരുന്നെത്തുമെന്ന് പ്രതീക്ഷിക്കുന്ന സത്യത്തിനും നീതിക്കും വേണ്ടി നിലകൊണ്ട മഹാബലി തമ്പുരാനെ വരവേൽക്കാൻ ലോകമെമ്പാടുമുള്ള മലയാളികൾ ഒരുങ്ങി കഴിഞ്ഞു. ഏവർക്കും കാരവൽ മീഡിയയുടെ ഹൃദയം നിറഞ്ഞ ഐശ്വര്യപൂർണ്ണമായ ഓണാശംസകൾ.