ആര്യ രാജേന്ദ്രനെ മാറ്റണം, കെഎസ്ആർടിസി ഡ്രൈവറുമായുള്ള തർക്കം നാണക്കേടാക്കി, നഗസഭയിൽ ഭരണം നഷ്ടമാകുന്ന സ്ഥിതി; സിപിഎം ജില്ലാ കമ്മിറ്റി യോഗത്തിലും ആര്യക്കെതിരെ വിമർശനം

മേയര്‍ ആര്യാ രാജേന്ദ്രനെതിരെ തിരുവനന്തപുരം ജില്ലാ കമ്മിറ്റിയിലും രൂക്ഷമായ വിമര്‍ശനം. നഗരസഭയിലെ ഭരണം നഷ്ടപ്പെടുന്ന സ്ഥിതിയിലാണെന്നും മേയര്‍ ആണ് ഇതിന്റെ ഉത്തരവാദിയെന്നും ജില്ലാ കമ്മിറ്റിയില്‍ വിമര്‍ശനം ഉയര്‍ന്നു. ഇക്കാര്യത്തില്‍ പാര്‍ട്ടി ഉചിതമായ തീരുമാനം എടുക്കണം എന്നും ജില്ലാ കമ്മിറ്റിയില്‍ ആവശ്യം ഉയര്‍ന്നു. കഴിഞ്ഞ ദിവസം ചേര്‍ന്ന ജില്ലാ സെക്രട്ടറിയേറ്റ് യോഗത്തിലും മേയര്‍ ആര്യാ രാജേന്ദ്രനെതിരെ രൂക്ഷവിമര്‍ശനം ഉയര്‍ന്നിരുന്നു. കാർ കുറുകെയിട്ട് മേയറും ഭർത്താവ് സച്ചിൻദേവ് എംഎൽഎയും കെഎസ്ആർടിസി ബസ് തടഞ്ഞ സംഭവത്തിലും വിമർശനമുണ്ടായി. കെഎസ്ആർടിസി ഡ്രൈവറുമായുള്ള തർക്കം നാണക്കേടായി. അപക്വമായ ഇടപെടലാണ് മേയറുടെയും സച്ചിൻദേവ് എംഎൽഎയുടെയും ഭാഗത്തുനിന്ന് ഉണ്ടായത്. മേയറുടെ പരിചയക്കുറവ് നഗരഭരണത്തിൽ തിരിച്ചടിയായെന്നും വിമർശനം ഉയർന്നു. അതേസമയം, തദ്ദേശ തിരഞ്ഞെടുപ്പിന് ഒന്നര വർഷം മാത്രം ശേഷിക്കെ ആര്യയെ മേയർ സ്ഥാനത്തുനിന്ന് മാറ്റേണ്ടെന്ന അഭിപ്രായമുള്ളവരും പാർട്ടിയിലുണ്ട്. അത്തരം നടപടി നഗരസഭാ ഭരണം പരാജയമാണെന്ന പ്രതിപക്ഷ ആരോപണത്തെ ശരിവയ്ക്കുമെന്ന് അവർ ചൂണ്ടിക്കാട്ടുന്നു. ആഭ്യന്തര വകുപ്പിനെതിരെയും സിപിഐഎം ജില്ലാ കമ്മിറ്റിയില്‍ വിമര്‍ശനം ഉയര്‍ന്നു. പൊലീസില്‍ സര്‍ക്കാരിന് നിയന്ത്രണമില്ല. പൊലീസിന്റെ പ്രവര്‍ത്തനം തോന്നിയതുപോലെയാണെന്നുമാണ് വിമർശനം. മേയറുടെ പെരുമാറ്റമായിരുന്നു സി പിഎം സെക്രട്ടറിയേറ്റില്‍ വിമര്‍ശിക്കപ്പെട്ടത്. മേയറുടെ പെരുമാറ്റം ജില്ലയില്‍ പാര്‍ട്ടിയുടെ വോട്ട് കുറച്ചെന്നായിരുന്നു വിമർശനം. ഇതിന് നഗരസഭാ തിരഞ്ഞെടുപ്പില്‍ വലിയ വില കൊടുക്കേണ്ടി വരുമെന്നും വിമര്‍ശനം ഉയര്‍ന്നിരുന്നു.

One Comment

  1. കുഞ്ഞാവ കലക്കി…….
    കുളം തോണ്ടി

Leave a Comment

Your email address will not be published. Required fields are marked *

RELATED NEWS

You cannot copy content of this page