കണ്ണൂരിലുള്ള അധോലോക അഴിഞ്ഞാട്ടത്തിന്റെയും സ്വർണ്ണക്കടത്തിന്റെയും കഥകൾ പുറത്തു വരുന്നത് ചെങ്കൊടിക്ക് അപമാനമാണ്; രൂക്ഷമായി വിമർശിച്ച് ബിനോയ് വിശ്വം

തിരുവനന്തപുരം: കണ്ണൂര്‍ സിപിഐഎമ്മിലെ പ്രശ്‌നങ്ങളില്‍ പ്രതികരിച്ച് സിപിഐ. കണ്ണൂരില്‍ നിന്ന് കേള്‍ക്കുന്ന കഥകള്‍ ചെങ്കൊടിക്ക് അപമാനമാണെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം വിമര്‍ശിച്ചു. പത്രക്കുറിപ്പിലൂടെയാണ് ഇദ്ദേഹം രൂക്ഷമായ ഭാഷയിൽ പ്രതികരിച്ചത്. സ്വര്‍ണം പൊട്ടിക്കുന്നതിന്റെയും അധോലോക അഴിഞ്ഞാട്ടത്തിന്റെയും കഥകളാണ് പുറത്തുവരുന്നതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
സമൂഹമാധ്യമങ്ങളില്‍ ഇടതുപക്ഷ വേഷം കെട്ടുന്നവര്‍ അധോലോകത്തിന്റെ കാര്യസ്ഥരാണെന്ന അറിവ് പൊറുക്കാവുന്നതല്ല. പ്രസ്ഥാനത്തിന്റെ തിരിച്ചടികളില്‍ ഇത്തരക്കാരുടെ പങ്ക് ചെറുതല്ല. അവര്‍ക്ക് മാപ്പില്ലെന്ന് പ്രഖ്യാപിക്കാനുള്ള സമയം അതിക്രമിച്ചിരിക്കുന്നു. ജനങ്ങളുടെ വിചാരവികാരങ്ങളെയും വിശ്വാസങ്ങളെയും സിപിഐ മാനിക്കുമെന്നും ബിനോയ് വിശ്വം പ്രസ്താവനയില്‍ പറയുന്നു. കണ്ണൂരിൽനിന്ന് കേൾക്കുന്ന വാർത്തകൾ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ ബന്ധുക്കളെ ആകെ വേദനിപ്പിക്കുന്നതാണ്. കയ്യൂരിന്റെയും കരിവള്ളൂരിന്റെയും തില്ലങ്കേരിയുടെയും പാരമ്പര്യമുള്ള മണ്ണാണത്. സമൂഹ മാധ്യമങ്ങളിൽ ഇടതുപക്ഷത്തിന്റെ രക്ഷക വേഷം കെട്ടുന്നവർ അധോലോകത്തിന്റെ കാര്യസ്ഥരാണെന്ന അറിവ് ഇടതുപക്ഷത്തിന്റെ ബന്ധുക്കൾക്ക് പൊറുക്കാവുന്നതല്ല, ബിനോയ് വിശ്വം പ്രസ്താവനയിൽ അറിയിച്ചു.
ചീത്തപ്പണത്തിന്റെ ആജ്ഞാനുവർത്തികളായി മാറി, അധോലോകത്തെ പിൻപറ്റുന്നവർ ഇടതുപക്ഷത്തെ ഒറ്റുകൊടുക്കുന്നവരാണ്. അവർക്ക് മാപ്പില്ലായെന്ന് പ്രഖ്യാപിക്കാനുള്ള സമയം അതിക്രമിച്ചിരിക്കുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
സി.പി.എമ്മിൽനിന്ന് പുറത്തുപോയതിനെ തുടർന്ന് മുൻ കണ്ണൂർ ജില്ലാ കമ്മിറ്റി അംഗം മനു തോമസ് കണ്ണൂരിലെ ചില സി.പി.എം. നേതാക്കൾക്ക് ക്വട്ടേഷൻ സംഘങ്ങളുമായി ബന്ധമുണ്ടെന്ന് ആരോപണം ഉന്നയിച്ചിരുന്നു. പി. ജയരാജൻ വിഷയത്തിൽ പ്രതികരിച്ച് ഫേയ്സ്ബുക്ക് പോസ്റ്റ് ഇട്ടതിനെ തുടർന്ന് വിഷയം വലിയ ചർച്ചയാകുകയും ചെയ്തിരുന്നു. ഈ പശ്ചാത്തലത്തിലായിരുന്നു ബിനോയ് വിശ്വത്തിൻറെ പ്രസ്താവന.

Leave a Comment

Your email address will not be published. Required fields are marked *

RELATED NEWS

You cannot copy content of this page