മേയരുടെ പെരുമാറ്റവും വോട്ടുകൾ കുറച്ചു, ഇങ്ങനെ പോയാൽ പാർട്ടി വലിയ വില കൊടുക്കേണ്ടി വരും; സിപിഎം ജില്ലാ സെക്രട്ടറിയേറ്റ് യോഗത്തിൽ വിമർശനം

തിരുവനന്തപുരം: മേയർ ആര്യ രാജേന്ദ്രന്റെ പെരുമാറ്റത്തിനെതിരെ സിപിഎം ജില്ലാ സെക്രട്ടേറിയറ്റിൽ വിമർശനം. മേയർ ആര്യയുടെ പെരുമാറ്റ രീതി ജില്ലയിൽ പാർട്ടി വോട്ടുകൾ കുറച്ചതായാണ് വിമർശനം. ഇങ്ങനെ പോയാൽ തിരുവനന്തപുരം കോർപറേഷൻ തിരഞ്ഞെടുപ്പിൽ പാർട്ടി വലിയ വില കൊടുക്കേണ്ടി വരുമെന്നും വിമർശനമുണ്ടായി.
തലസ്ഥാനത്തെ ബിജെപിയുടെ വോട്ട് വളര്‍ച്ചയിലും ജില്ലാ സെക്രട്ടറിയേറ്റ് ആശങ്ക പ്രകടിപ്പിച്ചു. തിരുവനന്തപുരം, ആറ്റിങ്ങല്‍ മണ്ഡലങ്ങളില്‍ ബിജെപി വോട്ട് ഉയര്‍ത്തിയത് ആശങ്കാജനകമാണെന്ന് യോഗത്തില്‍ നേതാക്കള്‍ ഉന്നയിച്ചു. പാര്‍ട്ടി ശക്തികേന്ദ്രങ്ങളിലും ബിജെപിയിലേക്ക് വോട്ട് ചോര്‍ന്നതായി വിലയിരുത്തി.
ലോക്സഭാ തിരഞ്ഞെടുപ്പിൽ ബിജെപി കൈവരിച്ച വളർച്ചയും സിപിഎം യോഗം പരിശോധിച്ചു. തിരുവനന്തപുരം, ആറ്റിങ്ങൽ മണ്ഡലങ്ങളിൽ വോട്ട് വിഹിതം വർധിച്ചതാണ് പരിശോധിച്ചത്. ബിജെപി വളർച്ച തടയാതെ മുന്നോട്ടു പോകാനാകില്ലെന്ന് യോഗം വിലയിരുത്തി. ശനിയാഴ്ച ജില്ലാ കമ്മിറ്റി യോഗം ചേരുന്നുണ്ട്. സെക്രട്ടേറിയേറ്റ് വിലയിരുത്തല്‍ ജില്ലാ കമ്മിറ്റിയില്‍ അവതരിപ്പിക്കും. ഇക്കുറി ലോക്സഭ തിരഞ്ഞെടുപ്പില്‍ തൃശ്ശൂരില്‍ അക്കൗണ്ട് തുറന്നതടക്കം ബിജെപി വന്‍ മുന്നേറ്റമാണ് നടത്തിയത്. സംസ്ഥാനത്ത് 11 നിയമസഭ മണ്ഡലത്തില്‍ ബിജെപി ഒന്നാം സ്ഥാനത്തെത്തിയിരുന്നു. തൃശ്ശൂര്‍, തിരുവനന്തപുരം, ആറ്റിങ്ങല്‍ ലോക്സഭ മണ്ഡലങ്ങളിലെ പ്രകടനമായിരുന്നു ബിജെപിയുടെ കരുത്ത് കൂട്ടിയത്. ലോക്സഭ തിരഞ്ഞെടുപ്പിലേറ്റ കനത്ത പരാജയത്തെ തുടര്‍ന്ന് നേതൃത്വത്തിനെതിരെ കടുത്ത വിമര്‍ശനമാണ് ജില്ല കമ്മിറ്റികളില്‍ നിന്ന് ഉയരുന്നത്.

Leave a Comment

Your email address will not be published. Required fields are marked *

RELATED NEWS

You cannot copy content of this page