കണ്ണൂർ: തളിപ്പറമ്പ് ധര്‍മശാലയില്‍ നിര്‍ത്തിയിട്ട ലോറിക്കടിയില്‍ കിടന്നുറങ്ങിയ യുവാവ് അതേ ലോറി കയറിയിറങ്ങി മരിച്ചു. തൃശ്ശൂര്‍ ചേര്‍പ്പ് വെളുത്തേടത്ത് വീട്ടില്‍ രാജന്റെ മകന്‍ സജേഷ് (36) ആണ് മരിച്ചത്. ധര്‍മശാലയിലെ ദൂരദര്‍ശന്‍ കേന്ദ്രത്തിന് സമീപം ലോറിക്കടിയില്‍ കിടന്നുറങ്ങിയ സജേഷിന്റെ കാലുകള്‍ക്ക് മുകളിലൂടെ ലോറി കയറി ഇറങ്ങുകയായിരുന്നു. തിങ്കളാഴ്ച രാത്രി ഒന്‍പതരയോടെ ആയിരുന്നു അപകടം. പ്രദേശവാസികള്‍ ചേര്‍ന്ന് ഉടനെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. മൃതദേഹം പരിയാരത്തെ കണ്ണൂര്‍ ഗവ. മെഡിക്കല്‍ കോളജ് ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി. പോസ്റ്റുമോര്‍ടം നടപടികള്‍ പൂര്‍ത്തിയാക്കിയശേഷം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കും. ധര്‍മശാലയ്ക്ക് സമീപം റോയല്‍ കിചണ്‍ എക്യുപ്‌മെന്റ്‌സ് സ്ഥാപനത്തിലെ ജീവനക്കാരനാണ് സജേഷ്.