റിയാസ് മൗലവി വധക്കേസ് വിധി: സർക്കാർ ഹൈക്കോടതിയിൽ അപ്പീൽ നൽകി

വിവാദമായ റിയാസ് മൗലവി കേസിൽ വിചാരണ കോടതി വിധിക്കെതിരെ സംസ്ഥാന സർക്കാർ ഹൈക്കോടതിയിൽ അപ്പീൽ നൽകി. വിചാരണ കോടതി ഉത്തരവ് നിയമവിരുദ്ധമെന്ന് ചൂണ്ടിക്കാട്ടിയാണ് സർക്കാർ അപ്പീൽ നൽകിയത്. പ്രോസിക്യൂഷൻ ശക്തമായ തെളിവുകൾ ഹാജരാക്കിയിട്ടും പ്രതികളെ വെറുതെ വിടാൻ ദുർബലമായ കാരണങ്ങൾ വിചാരണ കോടതി കണ്ടെത്തിഎന്നും വിചാരണ കോടതി ഉത്തരവ് ഞെട്ടിക്കുന്നതെന്നും സർക്കാർ ഹർജിയിൽ ആരോപിച്ചു. ശാസ്ത്രീയ തെളിവുകൾ വിചാരണ കോടതി അവഗണിച്ചു എന്നും അപ്പീലിൽ ആരോപിക്കുന്നു.
പ്രതികളായ കാസർകോട്
കേളുഗുഡ്ഡെ സ്വദേശികളായ അജേഷ് എന്ന അപ്പു (27), നിതിൻകുമാർ എന്ന നിതിൻ (26), കേളുഗുഡ്ഡെ ഗംഗെ നഗറിലെ അഖിലേഷ് എന്ന അഖിലു (32) എന്നിവരെ വിട്ടയച്ച കാസർകോട് ജില്ലാ പ്രിൻസിപ്പൽ സെഷൻസ് കോടതി വിധിക്കെതിരെയാണു സർക്കാർ ഹൈക്കോടതിയിൽ അപ്പീൽ നൽകിയത്. കൊലപാതകം സംബന്ധിച്ചു പ്രതികളുടെ പങ്ക് തെളിയിക്കുന്നതിൽ പ്രോസിക്യൂഷൻ പരാജയപ്പെട്ടെന്നു വിലയിരുത്തിയാണു പ്രതികളെ വിചാരണ കോടതി വെറുതേവിട്ടത്. പ്രതികൾക്കു മുസ്‌ലിം സമുദായത്തോടുള്ള വെറുപ്പാണു കൊലപാതകത്തിനു പിന്നിലെന്ന വാദവും ഇവർ ആർഎസ്എസ് പ്രവർത്തകരാണെന്ന വാദവും തെളിയിക്കാൻ പ്രോസിക്യൂഷനു കഴിഞ്ഞില്ലെന്നും വിചാരണ കോടതി വിലയിരുത്തിയിരുന്നു.
അന്വേഷണ സംഘത്തിനും പ്രോസിക്യൂഷനും വൻ വീഴ്ച സംഭവിച്ചിട്ടുണ്ടെന്ന് കോടതിയടക്കം വിമർശിച്ചിരുന്നു. പ്രതികൾക്ക് ആർ.എസ്.എസ് ബന്ധമുണ്ടെന്ന് തെളിയിക്കാൻ പ്രോസിക്യൂഷനായില്ല. നിലവാരമില്ലാത്തതും ഏകപക്ഷീയവുമായ അന്വേഷണമാണ് നടന്നത്. മരണത്തിന് മുമ്പ് റിയാസ് മൗലവി ഇടപഴകിയവരെ കണ്ടെത്താനുള്ള അവസരം നഷ്ടമാക്കിയെന്നും കോടതി വിമർശിച്ചിരുന്നു.

Leave a Comment

Your email address will not be published. Required fields are marked *

RELATED NEWS

You cannot copy content of this page