വീട്ടില്‍ ഉറങ്ങിക്കിടന്ന യുവാവിനെ കാറില്‍ കയറ്റിക്കൊണ്ടുപോയി കൊല്ലാന്‍ ശ്രമം; നാല് പേര്‍ക്കെതിരെ നരഹത്യാശ്രമത്തിന് കേസ്; സംഭവത്തില്‍ അടിമുടി ദുരൂഹത

കാസര്‍കോട്: വീട്ടില്‍ കിടന്നുറങ്ങുകയായിരുന്ന യുവാവിനെ കാറില്‍ കയറ്റിക്കൊണ്ടു പോയി മാരകമായി ആക്രമിച്ചു. ഗുരുതരമായി പരിക്കേറ്റ യുവാവിനെ വീട്ടില്‍ തിരികെയെത്തിച്ച് അക്രമി സംഘം രക്ഷപ്പെട്ടു. മണിക്കൂറുകളോളം ജീവനുമായി മല്ലിട്ട യുവാവിനെ നാട്ടുകാര്‍ ആശുപത്രിയില്‍ എത്തിച്ചു. സംഭവത്തില്‍ അടുത്തിടെ കഞ്ചാവ് കേസില്‍ ജയിലില്‍ നിന്നും പുറത്തിറങ്ങിയ യുവാവടക്കം നാലു പേര്‍ക്കെതിരെ കുമ്പള പൊലീസ് നരഹത്യാശ്രമത്തിനു കേസെടുത്തു.
ഉപ്പള, ബപ്പായിത്തൊട്ടി, ഹനഫി മസ്ജിദിന് സമീപത്തെ അമാന്‍ മന്‍സിലിലെ മുഹമ്മദ് ഫാറൂഖി(35)നെയാണ് അക്രമിച്ചത്. ഇയാള്‍ മംഗളൂരുവിലെ ആശുപത്രിയില്‍ ചികിത്സയിലാണ്. ഇയാള്‍ നല്‍കിയ മൊഴി പ്രകാരം കടമ്പാറിലെ ഇര്‍ഷാദ്, ബംബ്രാണയിലെ കിരണ്‍രാജ്, കണ്ടാല്‍ അറിയാവുന്ന മറ്റു രണ്ട് പേര്‍ എന്നിവര്‍ക്കെതിരെ കുമ്പള പൊലീസ് കേസെടുത്തു.
ചൊവ്വാഴ്ച പുലര്‍ച്ചെ നടന്ന സംഭവത്തെ കുറിച്ച് പൊലീസ് പറയുന്നത് ഇങ്ങനെ-‘തിരുവനന്തപുരത്ത് ഹോട്ടല്‍ തൊഴിലാളിയാണ് മുഹമ്മദ് ഫാറൂഖ്. പത്തുദിവസം മുമ്പാണ് ഇയാള്‍ നാട്ടില്‍ തിരിച്ചെത്തിയത്. ഇയാളുടെ പിതാവ് അടുത്തിടെയാണ് മരണപ്പെട്ടത്. അതിന് ശേഷം മാതാവ്, സഹോദരിയുടെ വീട്ടിലായിരുന്നു താമസം. അതിനാല്‍ നാട്ടിലെത്തിയ മുഹമ്മദ് ഫാറൂഖ് തനിച്ചാണ് ബപ്പായിത്തൊട്ടിയിലെ വീട്ടില്‍ കഴിഞ്ഞിരുന്നത്. ചൊവ്വാഴ്ച പുലര്‍ച്ചെ രണ്ടു മണിയോടെ ബന്ധുവായ ഇര്‍ഷാദ്, ക്രസ്റ്റ കാറുമായി എത്തി. വിളിച്ചു ഉണര്‍ത്തിയ ശേഷം അത്യാവശ്യമായി ബംബ്രാണയിലേക്ക് പോകണമെന്നു പറഞ്ഞു. ഇതു വിശ്വസിച്ച മുഹമ്മദ് ഫാറൂഖ് കാറില്‍ കയറി. കാര്‍ ബംബ്രാണ കഴിഞ്ഞിട്ടുള്ള ഒരു വയലിന് സമീപത്തെ വീടിന് മുന്നില്‍ നിര്‍ത്തി. മുഹമ്മദ് ഫാറൂഖ് ഇറങ്ങിയ ഉടനെ ഇര്‍ഷാദ് കാറുമായി സ്ഥലം വിട്ടു. ഇതിനിടയില്‍ വീട്ടിനകത്ത് നിന്നും ഇറങ്ങി വന്ന കിരണ്‍രാജും മറ്റു രണ്ടുപേരും ചേര്‍ന്ന് അടിക്കുകയും കുത്തുകയും ചെയ്തു. പിന്നീട് ഇര്‍ഷാദ് കാറുമായി തിരിച്ചെത്തി ഇരുമ്പു വടി കൊണ്ട് തലക്കടിച്ചു. ഇതോടെ മുഹമ്മദ് ഫാറൂഖ് ബോധം കെട്ട് താഴെ വീണു. തുടര്‍ന്ന് കാറില്‍ കയറ്റിയ ശേഷം ബപ്പായിത്തൊട്ടിയിലെ വീട്ടിലെത്തിച്ചു സ്ഥലം വിട്ടു. ചൊവ്വാഴ്ച ഉച്ചവരെ പുറത്തു കാണാത്തതിനെത്തുടര്‍ന്ന് പരിസര വാസികള്‍ വീട്ടിലെത്തി നോക്കിയപ്പോഴാണ് ചോരയില്‍ കുളിച്ച് അബോധാവസ്ഥയില്‍ കഴിയുന്ന നിലയില്‍ മുഹമ്മദ് ഫാറൂഖിനെ കണ്ടത്. ഉടന്‍ തന്നെ ഉപ്പളയിലെ ആശുപത്രിയില്‍ എത്തിച്ചു. നില ഗുരുതരമായതിനാല്‍ മംഗളൂരുവിലെ ആശുപത്രിയിലേക്കു മാറ്റി. പ്രതിക്കായി തെരച്ചില്‍ ആരംഭിച്ചിട്ടുണ്ട്. സംഭവത്തില്‍ കുമ്പള പൊലീസ് അന്വേഷണം ഊര്‍ജ്ജിതമാക്കി. അടുത്തിടെ നൂറുകിലോ കഞ്ചാവ് പിടികൂടിയ കേസില്‍ മംഗളൂരുവില്‍ അറസ്റ്റിലായി ജയിലില്‍ കഴിഞ്ഞിരുന്ന കിരണ്‍ രാജ് ദിവസങ്ങള്‍ക്ക് മുമ്പാണ് പുറത്തിറങ്ങിയതെന്ന് പൊലീസ് പറഞ്ഞു.

Leave a Comment

Your email address will not be published. Required fields are marked *

RELATED NEWS

You cannot copy content of this page