കാസര്‍കോട്: അവധി കഴിഞ്ഞ് കുടുംബം ഗള്‍ഫിലേക്ക് മടങ്ങിയതിന് പിന്നാലെ പൂട്ടിയിട്ട വീട്ടില്‍ വന്‍ കവര്‍ച്ച. 25 പവന് സ്വര്‍ണവും 55,000 രൂപയും സി.സി.ടി.വിയുടെ ഹാര്‍ഡ് ഡിസ്കും കവര്‍ന്നു. കീഴൂര്‍ ധര്‍മ്മശാസ്താ ക്ഷേത്രത്തിനു സമീപത്തെ സുമിത്രാ നിലയത്തിലാണ് കവര്‍ച്ച നടന്നത്. സുമിത്രാ സുരേഷ് കുടുംബസമേതം ഗള്‍ഫിലാണ്. രണ്ടാഴ്ച മുമ്പ് അവധിയില്‍ നാട്ടിലെത്തിയ കുടുംബം ശനിയാഴ്ചയാണ് മടങ്ങിയത്. വീട്ടുമുറ്റത്ത് കാര്‍ വെയ്ക്കുന്ന ഒരാളും ജോലിക്കാരനും തിങ്കളാഴ്ച രാവിലെ എത്തിയപ്പോഴാണ് അടുക്കളയുടെ വാതില്‍ തുറന്നു കിടക്കുന്ന നിലയില്‍ കണ്ടത്. സംശയം തോന്നി അകത്ത് കയറി നോക്കിയപ്പോള്‍ സി.സി.ടി.വി ക്യാമറയുടെ കണ്ട്രോളിംഗ് സിസ്റ്റം സ്ഥാപിച്ച കിടപ്പുമുറിയില്‍ സൂക്ഷിച്ചിരുന്ന സ്വര്‍ണവും പണവും നഷ്ടമായ കാര്യം വ്യക്തമായത്. മരത്തിന്റെയും ഇരുമ്പിന്റെയും അലമാരകളിലാണ് സ്വര്‍ണം സൂക്ഷിച്ചിരുന്നത്. കുടുംബം തിരിച്ചെത്തിയാല്‍ മാത്രമേ കവര്‍ച്ച പോയ സാധനങ്ങളുടെ കൃത്യമായ വിവരം ലഭിക്കുകയുള്ളുവെന്നും പൊലീസ് പറഞ്ഞു. മേല്‍പ്പറമ്പ് പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി.
![](https://mlozaudj56ft.i.optimole.com/w:1670/h:996/q:mauto/f:best/https://malayalam.karavaldaily.com/wp-content/uploads/2024/07/inbound663317320018624884.jpg)