മംഗളൂരു: സ്വന്തം ബസിടിച്ച് ഉടമക്ക് ദാരുണാന്ത്യം. മണിപ്പാല്‍ ബഡഗബെട്ടു സ്വദേശി ദയാനന്ദ ഷെട്ടി(65) ആണ് മരിച്ചത്. ബുധനാഴ്ച ഉച്ചയോടെയായിരുന്നു സംഭവം. അത്രാടിയിലെ ഗാരേജില്‍ അറ്റകുറ്റപ്പണികള്‍ക്കായി എത്തിച്ചതായിരുന്നു ബസ്. ബസിന്റെ അടിഭാഗം പരിശോധിക്കുന്നതിനിടെയാണ് അപകടം. ഉടമ ബസിന് മുന്നില്‍ ഇരുന്ന് അടിഭാഗം നോക്കുന്നത് ഡ്രൈവറുടെ സീറ്റിലുണ്ടായിരുന്ന മെക്കാനിക് ശ്രദ്ധിച്ചില്ല. അബദ്ധവശാല്‍ മെക്കാനിക് സ്റ്റാര്‍ട്ട് ചെയ്തോടെ ബസ് മുന്നോട്ട് നീങ്ങിയപ്പോള്‍ മുന്‍ ചക്രം ദയാനന്ദയുടെ ദേഹത്തുകൂടി കയറിയിറങ്ങി. അപ്പോള്‍ തന്നെ ഗാരേജിലെ മറ്റു തൊഴിലാളികള്‍ ബഹളം വച്ച് ബസ് നിര്‍ത്തിച്ചു. ഗുരുതരമായി പരിക്കേറ്റ ദയാനന്ദയെ മണിപ്പാലിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചു. മണിപ്പാല്‍ പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തു.