‘ളോഹ’ പരാമർശത്തിൽ നടപടി എടുത്ത് നേതൃത്വം; ബി.ജെ.പി വയനാട് ജില്ലാ പ്രസിഡൻ്റിനെ മാറ്റി; നടപടി സഭയുടെ അതൃപ്തിക്ക് പിന്നാലെ

കൽപ്പറ്റ:വയനാട് പുല്‍പ്പള്ളിയിലുണ്ടായ സംഘര്‍ഷത്തിന് കാരണം ളോഹയിട്ട ചിലരാണെന്ന പരാമർശത്തില്‍ വയനാട് ബിജെപി ജില്ലാ പ്രസിഡന്‍റിനെതിരെ നടപടി.വിവാദ പരാമർശത്തില്‍കെപി മധുവിനെ ജില്ലാ പ്രസിഡന്‍റ് സ്ഥാനത്ത് നിന്ന് നീക്കി. വിഷയത്തില്‍ കഴിഞ്ഞ ദിവസം കെപി മധുവിനെ സംസ്ഥാന നേതൃത്വം വിളിപ്പിച്ചിരുന്നു. പരാമര്‍ശത്തില്‍ വിശദീകരണവും ചോദിച്ചു. ഇതിനുപിന്നാലെയാണ് ബിജെപി സംസ്ഥാന നേതൃത്വം നടപടിയെടുത്തത്. ജില്ലാ സെക്രട്ടറി പ്രശാന്ത് മലവയലിനാണ് പകരം ചുമതല.

മധുവിന്റെ പരാമര്‍ശത്തിനെതിരെ മാനന്തവാടി രൂപത ബിഷപ്പ് മാര്‍ ജോസ് പൊരുന്നേടവും രംഗത്തെത്തിയിരുന്നു. അവരുടെ നിലപാട് അവര്‍ക്കെടുക്കാമെന്നും സഭയ്ക്ക് സഭയുടെ നിലപാടുണ്ടെന്നും പ്രാദേശിക നേതാവിന്‍റെ വാക്കിന് ആ വിലയെ നല്‍കുന്നുള്ളുവെന്നുമായിരുന്നു ബിഷപ്പിന്‍റെ പ്രതികരണം. പരാമര്‍ശം വിവാദമായതോടെ ളോഹയിട്ട ചിലരാണ് പുല്‍പ്പള്ളിയില്‍ സംഘർഷത്തിന് ആഹ്വാനം ചെയ്തതെന്ന് താൻ പറഞ്ഞിട്ടില്ലെന്ന് കെപി മധു വിശദീകരിച്ചിരുന്നു.വയനാട് പുല്‍പ്പളളിയിലുണ്ടായ സംഘര്‍ഷവുമായി ബന്ധപ്പെട്ട് കേസെടുത്ത പൊലീസ് നടപടിക്കെതിരെ കോണ്‍ഗ്രസും ബിജെപിയും രംഗത്തെത്തിയിരുന്നു. കാട്ടാനയുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ട വനംവകുപ്പ് വാച്ചര്‍ പോളിന്‍റെ മൃതശരീരവുമായി പുല്‍പ്പളളി ടൗണില്‍ ശനിയാഴ്ച നടത്തിയ പ്രതിഷേധത്തിന്‍റെയും തുടര്‍ന്നുണ്ടായ സംഘര്‍ഷങ്ങളുടെയും പേരില്‍ നാലു കേസുകളാണ് പുല്‍പ്പളളി പൊലീസ് രജിസ്റ്റര്‍ ചെയ്തത്. കലാപത്തിന് ആഹ്വാനം ചെയ്തവര്‍ക്കെതിരെ കേസ് എടുക്കാതെ ഒരു വിഭാഗം ആളുകള്‍ക്കെതിരെ മാത്രമാണ് കേസ് എടുത്തതെന്ന് ബിജെപി ജില്ലാ പ്രസിഡന്‍റ് കെപി മധു ആരോപിച്ചിരുന്നത്. എന്നാല്‍, കേസ് എടുത്തതില്‍ രാഷ്ട്രീയം കാണേണ്ടെന്നും പൊതുമുതല്‍ നശിപ്പിച്ചവര്‍ക്കെതിരെയാണ് കേസ് എടുത്തതെന്നും വനം മന്ത്രി എ.കെ ശശീന്ദ്രന്‍ വിശദീകരിച്ചു.

Leave a Comment

Your email address will not be published. Required fields are marked *

RELATED NEWS

You cannot copy content of this page