കണ്ണൂരിലെ കടുവ കുടുങ്ങിയത് കമ്പിവേലിയിൽ അല്ല കേബിളിൽ എന്ന് വനം വകുപ്പ്; കെണി വെച്ചതെന്ന് സംശയം; കേസ്സെടുത്തു

കണ്ണൂർ:കൊട്ടിയൂരില്‍ കടുവ കമ്പി വേലിയില്‍ കുടുങ്ങിയെന്ന സംഭവത്തില്‍ കേസെടുത്ത് വനംവകുപ്പ്. കടുവ  വേലിയില്‍ അല്ല കുടുങ്ങിയതെന്നും കേബിള്‍ കെണിയിലാണ് കുടുങ്ങിയതെന്നുമാണ് ഇപ്പോള്‍ വനംവകുപ്പ് വ്യക്തമാക്കുന്നത്.നേരത്തേ  വേലിയിലാണ് കടുവ കുടുങ്ങിയതെന്നായിരുന്നു പറഞ്ഞിരുന്നത്. കടുവയെ മയക്കുവെടി വച്ചതിനുശേഷം മൃഗശാലയിലേക്ക് കൊണ്ടുപോവുന്നതിനിടെ ചത്തുപോവുകയായിരുന്നു. ആന്തരികാവയവങ്ങളിലെ അണുബാധയാണ് മരണത്തിന് കാരണമെന്നായിരുന്നു പോസ്റ്റ്‌മോര്‍ട്ടം റിപ്പോർട്ട് .

          കെണിയില്‍ കുടുങ്ങിയപ്പോഴുള്ള സമ്മര്‍ദവും കടുവയുടെ മരണകാരണമായിട്ടുണ്ടെന്നും വനംവകുപ്പ് വ്യക്തമാക്കി. കൊട്ടിയൂര്‍ ആര്‍എഫ്‌ഒ സുധീര്‍ നരോത്തിനാണ് അന്വേഷണ ചുമതല. കടുവ ചാവാന്‍ കാരണം ശ്വാസകോശത്തിലെ അണുബാധയെന്നാണ് പോസ്റ്റ്‌മോര്‍ട്ടത്തിലെ പ്രാഥമിക നിഗമനം. ചൊവ്വാഴ്ച രാത്രിയില്‍ മൃഗശാലയിലേക്ക് മാറ്റുന്നതിനിടെയാണ് പിടികൂടിയ കടുവ ചത്തത്. കൊട്ടിയൂരിലെ പന്നിയാംമലയില്‍ നിന്നാണ് കടുവയെ പിടികൂടിയത്. കടുവ മണിക്കൂറികള്‍ക്കുള്ളില്‍ ചത്തത് മയക്കുവെടി കാരണമല്ലെന്നാണ് പോസ്റ്റ്‌മോര്‍ട്ടം റിപോര്‍ട്ട് വ്യക്തമാക്കുന്നത്.

കുടുക്കില്‍നിന്ന് രക്ഷപെടാനുള്ള പരാക്രമത്തിനിടെ കടുവയുടെ പേശികള്‍ക്കും പലയിടത്തും പരിക്കേറ്റിരുന്നു. വയനാട് പൂക്കോട് വെറ്ററിനറി സര്‍വകലാശാലയില്‍ എന്‍ടിസിഎ പ്രോട്ടോകോള്‍ പ്രകാരം മൂന്ന് ഡോക്ടര്‍മാരും ഡിഎഫ്‌ഒയുമടങ്ങുന്ന അഞ്ചംഗ സമിതിയാണ് പോസ്റ്റ്‌മോര്‍ട്ടത്തിന് നേതൃത്വം നല്‍കിയത്. കടുവയുടെ ആന്തരാവയവങ്ങള്‍ കൂടുതല്‍ പരിശോധനയ്ക്കയക്കും. സംഭവത്തില്‍ അന്വേഷണം നടത്താന്‍ ചീഫ് വൈല്‍ഡ് ലൈഫ് വാര്‍ഡനെ വനം മന്ത്രി ചുമതലപ്പെടുത്തിയിട്ടുണ്ട്. എന്നാല്‍ മയക്കുവെടി വച്ച്‌ പിടിക്കുന്ന മൃഗങ്ങള്‍ തുടരെ ചാകുന്നതിൽ ദുരൂഹതയുണ്ടെന്ന ആക്ഷേപവും ഉയര്‍ന്നിട്ടുണ്ട്. രണ്ട് മാസം മുമ്പ് കണ്ണൂര്‍ പാനൂരില്‍ നിന്ന് പിടികൂടിയ പുലിയും മയക്കുവെടിക്ക് പിന്നാലെ ചത്തിരുന്നു.വയനാട്ടിലിറങ്ങിയ ആന തണ്ണീർ കൊമ്പനും ചരിഞ്ഞിരുന്നു.

Leave a Comment

Your email address will not be published. Required fields are marked *

RELATED NEWS

You cannot copy content of this page