പുതുവർഷ സമ്മാനമായി കേരളത്തിന് ഗ്രീന്‍ ഫീല്‍ഡ് കോറിഡോര്‍ പദ്ധതി; പൂർത്തീകരിച്ച മൂന്ന് പദ്ധതികൾ നാടിനു സമർപ്പിച്ചു; കേരള സർക്കാറിനെ അഭിനന്ദിച്ച് കേന്ദ്രമന്ത്രി നിധിന്‍ ഗഡ്കരി

കേരളത്തിന് പുതുവര്‍ഷ സമ്മാനമായി ഗ്രീന്‍ ഫീല്‍ഡ് കോറിഡോര്‍ പദ്ധതി പ്രഖ്യാപിച്ച് കേന്ദ്ര ഉപരിതല ഗതാഗത വകുപ്പ് മന്ത്രി നിധിന്‍ ഗഡ്കരി. പൂര്‍ത്തീകരിച്ച മൂന്ന് പദ്ധതികളുടെ ഉദ്ഘാടനവും ഒന്‍പത് പദ്ധതികളുടെ തറക്കല്ലിടല്‍ ചടങ്ങും ഓണ്‍ലൈനായി ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി.
ഗ്രീന്‍ ഫീല്‍ഡ് പദ്ധതിയുടെ ഭാഗമായി എന്‍.എച്ച് 966 കോഴിക്കോട്- പാലക്കാട് പദ്ധതിയിലൂടെ പാലക്കാട് നിന്ന് കോഴിക്കോടേക്കുള്ള യാത്ര 4 മണിക്കൂറില്‍ നിന്ന് 1.5 മണിക്കൂറായി കുറക്കാന്‍ സാധിക്കും. എന്‍.എച്ച് -744 കൊല്ലം- ഷെങ്കോട്ടൈ യാത്രാ സമയം 3 മണിക്കൂറില്‍ നിന്ന് ഒരു മണിക്കൂറായി കുറയും. തിരുവനന്തപുരം ഔട്ടര്‍ റിങ് റോഡ്, എന്‍.എച്ച് 85 കൊച്ചി- തേനി യാത്രാ സമയം എട്ട് മണിക്കൂറില്‍ നിന്നും മൂന്ന് മണിക്കൂറായി കുറയും. മലപ്പുറം സാമ്പത്തിക ഇടനാഴി, തിരക്കേറിയ എന്‍.എച്ച് 544ല്‍ അങ്കമാലി- കുണ്ടന്നൂര്‍ നാല് വരിപ്പാതയില്‍ നിന്നും ആറ് വരിപ്പാതയായി ഉയര്‍ത്തുമെന്നും മന്ത്രി പറഞ്ഞു.
ദേശീയപാത നിര്‍മ്മാണവുമായി ബന്ധപ്പെട്ട് കേരളത്തില്‍ വെല്ലുവിളിയായിരുന്ന സ്ഥലം ഏറ്റെടുപ്പില്‍ ഇടപെട്ട് കാര്യക്ഷമമായി പ്രവര്‍ത്തിച്ച കേരള സര്‍ക്കാറിനേയും മുഖ്യമന്ത്രി പിണറായി വിജയനേയും പൊതുമരാമത്ത് വകുപ്പ് മന്ത്രി പി.എ മുഹമ്മദ് റിയാസിനേയും മന്ത്രി അഭിനന്ദിച്ചു. ആറുവരിപ്പാതയാകുന്ന ദേശീയപാതയുടെ ഭാഗമായി വരുന്ന മുബൈ-കന്ന്യാകുമാരി ഇടനാഴി കേരളത്തിന് വലിയ ഗുണം ചെയ്യുമെന്നും മന്ത്രി പറഞ്ഞു. കേരളത്തിന്റെ വികസനത്തിന് പ്രധാന പങ്ക് വിനോദ സഞ്ചാര മേഖലയ്ക്കുണ്ടെന്നും മൂന്നാറില്‍ ആവിഷ്‌ക്കരിച്ച പദ്ധതികള്‍ കേരളത്തിന്റെ വിനോദസഞ്ചാര മേഖലയ്ക്ക് ഗുണം ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു. സാങ്കേതിക കാരണങ്ങളാല്‍ നേരിട്ട് എത്താന്‍ കഴിയാത്തതില്‍ മന്ത്രി ഖേദം അറിയിച്ചു.
ഭാരത് പരിയോജന പദ്ധതിയിൽ ഉൾപ്പെടുത്തി സംസ്ഥാനത്ത് നിർമ്മാണം ആരംഭിക്കുന്നതും പൂർത്തീകരിക്കുന്നതും ആയ 12 ദേശീയപാത പദ്ധതികളുടെ ഉദ്ഘാടന ചടങ്ങിൽ രാജ്മോഹൻ ഉണ്ണിത്താൻ എം പി ഭദ്രദീപം തെളിയിച്ചു.
കാസർകോട് താളി പടുപ്പ് മൈതാനിയിൽ നടന്ന പരിപാടിയിൽ എംഎൽഎമാരായ എൻ എ നെല്ലിക്കുന്ന്, എം. രാജഗോപാലൻ എ കെ എം അഷ്റഫ് മുൻ എം പി പി..കരുണാകരൻ മുൻമന്ത്രി സി.ടി അഹമ്മദലി ജില്ലാ കലക്ടർ കെ ഇമ്പശേഖർ ദേശീയ പാത അതോറിറ്റി ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു

Leave a Comment

Your email address will not be published. Required fields are marked *

RELATED NEWS

You cannot copy content of this page