രാമക്ഷേത്രം ‘ആത്മനിർഭർ’ ആണെന്ന് ഭാരവാഹികൾ;പ്രതിഷ്ഠക്ക് ഒരുങ്ങുന്ന ക്ഷേത്രത്തിലെ അത്യാധുനിക സൗകര്യങ്ങള്‍ എന്തെന്ന് അറിയാം

വെബ്ബ് ഡെസ്ക്:അയോധ്യയിൽ നിർമ്മാണത്തിലിരിക്കുന്ന രാമക്ഷേത്രം അത്യാധുനിക സൗകര്യങ്ങളുള്ള ഒന്നാണെന്ന് അധികൃതർ അറിയിച്ചു.  പ്രായമായവർക്കും ശാരീരിക വൈകല്യമുള്ളവര്‍ക്കും സഞ്ചാരം സുഗമമാക്കാനുള്ള പാതകള്‍, മലിനജല ശുദ്ധീകരണ പ്ലാന്റ്, എന്നിങ്ങനെ പല സൗകര്യങ്ങളും ക്ഷേത്രത്തിലുണ്ട്.
ക്ഷേത്രത്തിന്റെ ആദ്യ ഘട്ടം ജനുവരി 22ന് പൂർത്തിയാവും,  പ്രധാനമന്ത്രി നരേന്ദ്ര മോദി  രാം ലല്ല വിഗ്രഹത്തിന്റെ പ്രതിഷ്ഠാ ചടങ്ങിൽ പങ്കെടുക്കും. നിർമ്മാണം പൂര്‍ത്തിയായാല്‍ ക്ഷേത്രത്തിന് മൂന്ന് നിലകളുണ്ടാകും.
ക്ഷേത്ര സമുച്ചയത്തിന്റെ 70 ഏക്കറിൽ 70 ശതമാനവും പച്ചപ്പ് നിറഞ്ഞതാണ്. നിലവിലുള്ള 600 മരങ്ങൾ ഗ്രീൻ ബെൽറ്റിൽ സംരക്ഷിക്കപ്പെട്ടിട്ടുണ്ട്, സൂര്യപ്രകാശം പോലും എത്താത്ത ഭാഗങ്ങളും ഇവിടെയുണ്ട്.ക്ഷേത്ര സമുച്ചയത്തിൽ ഒരു അഗ്നിശമന സേനാ പോസ്റ്റുണ്ട്,  ഭൂഗർഭ റിസർവോയറിൽ നിന്നാണ് അവിടേക്ക് വെള്ളം ശേഖരിക്കുന്നത്. 14 അടി വീതിയുള്ള 392 തൂണുകളാണ് ക്ഷേത്രത്തിനുള്ളത്. ക്ഷേത്രത്തില്‍ ലിഫ്റ്റ് സൗകര്യവും പ്രവേശന കവാടത്തിൽ രണ്ട് റാമ്പുകളും ഉണ്ടായിരിക്കും.

ഹെൽത്ത് കെയർ സെന്ററും കുളിമുറിയുമുള്ള മറ്റൊരു സമുച്ചയവും ക്ഷേത്രത്തിനടുത്ത് ഉണ്ടാകും. ദർശനത്തിന് മുമ്പ് 25,000 പേർക്ക് അവരുടെ പാദരക്ഷകളും, വാച്ചുകളും മൊബൈൽ ഫോണുകളും സൂക്ഷിക്കാനുള്ള സൗകര്യവും സജ്ജമാണ്.

അയോധ്യയിലെ കുബേർ തിലയിൽ ഇതിനോടനുബന്ധിച്ച് ഒരു പുരാതന ശിവക്ഷേത്രം പുനരുജ്ജീവിപ്പിക്കുകയും, ഒരു ജടായു പ്രതിമ സ്ഥാപിപ്പിക്കുകയും ചെയ്തിട്ടുണ്ട്. കുബേർ തില, രാമജന്മഭൂമിയുടെ പരിസരത്തുള്ള ഒരു പർവ്വതമാണ്.
ഒരു നൂറ്റാണ്ട് പിന്നിട്ട ക്ഷേത്ര-മസ്ജിദ് തർക്കം പരിഹരിച്ച് 2019-ൽ ചരിത്രപരമായ വിധിയാണ് സുപ്രീം കോടതി പുറപ്പെടുവിച്ചത്. തർക്കഭൂമിയിൽ രാമക്ഷേത്രം പണിയുന്നതിനെ പിന്തുണച്ച കോടതി, പള്ളി പണിയാൻ അഞ്ചേക്കർ സ്ഥലം കണ്ടെത്തണമെന്നും വിധിക്കുകയായിരുന്നു.

Leave a Comment

Your email address will not be published. Required fields are marked *

RELATED NEWS

You cannot copy content of this page