കാറില്‍ തട്ടികൊണ്ടുപോയി അരക്കോടി രൂപ കൊള്ളയടിച്ച സംഭവം; അന്വേഷണം കാസര്‍കോട്ടേക്കും

കാസര്‍കോട്: മൈസൂരില്‍ സ്വര്‍ണ്ണം വിറ്റ് കാറില്‍ നാട്ടിലേയ്ക്ക് മടങ്ങുകയായിരുന്ന മലപ്പുറം സ്വദേശികളെ കാറടക്കം തട്ടികൊണ്ടുപോയി അരക്കോടി രൂപ കൊള്ളയടിച്ച കേസിന്റെ അന്വേഷണം കാസര്‍കോട്ടേക്കും കണ്ണൂരിലേയ്ക്കും വ്യാപിപ്പിച്ചു. മലപ്പുറം, തിരൂരങ്ങാടിയിലെ കരാറുകാരന്‍ കെ.ഷംജദ് (28), സുഹൃത്തും വിദ്യാര്‍ത്ഥിയുമായ അഫ്നു (18) എന്നിവരെ കഴിഞ്ഞ ദിവസം പുലര്‍ച്ചെ കുടക്, തിത്തിമത്തി, ഭദ്രഗോളയ്ക്കടുത്തു വച്ചാണ് തട്ടികൊണ്ടുപോയത്. തന്റെ കൈവശം ഉണ്ടായിരുന്ന 750 ഗ്രാം സ്വര്‍ണ്ണം മൈസൂരില്‍ വില്‍പ്പന നടത്തിയ പണവുമായി നാട്ടിലേയ്ക്ക് മടങ്ങുകയായിരുന്നു ഷംജദും സുഹൃത്തും. ഭദ്രഗോളിക്കു സമീപത്ത് എത്തിയപ്പോള്‍ റോഡരികില്‍ ലോറി നിര്‍ത്തിയിട്ട നിലയില്‍ കണ്ടു. അപകടമാണോ എന്നറിയാന്‍ കാറിന്റെ വേഗത കുറച്ചു നീങ്ങി. അപ്പോള്‍ പിറകെ വാഹനങ്ങളില്‍ എത്തിയ പതിനഞ്ചോളം പേരടങ്ങുന്ന സംഘം കാര്‍ തടഞ്ഞ് ഷംജദിനോട് പണം ആവശ്യപ്പെട്ടു. മലയാളത്തിലാണ് അക്രമി സംഘം സംസാരിച്ചത്. പണമില്ലെന്നു പറഞ്ഞപ്പോള്‍ തട്ടികൊണ്ടുപോവുകയും പണം തട്ടിയെടുത്തശേഷം വിജനമായ സ്ഥലത്ത് കാര്‍ ഉപേക്ഷിച്ച് രക്ഷപ്പെടുകയായിരുന്നു. ഇരുട്ടില്‍ സ്ഥലം അറിയാതെ ഒന്നര കിലോമീറ്റര്‍ ദൂരം നടക്കുകയും മെയിന്‍ റോഡില്‍ എത്തിയപ്പോള്‍ ഒരു പത്ര വിതരണ വാഹനത്തില്‍ കയറി വീരാജ്പേട്ട പൊലീസ് സ്റ്റേഷനിലെത്തി പരാതി നല്‍കി. പൊലീസ് നടത്തിയ അന്വേഷണത്തില്‍ ഷംജാദിന്റെ കാര്‍ കോലത്തോട് എന്ന സ്ഥലത്തു നിന്നും കണ്ടെത്തി. കേടുപാട് പറ്റിയ നിലയിലായിരുന്നു കാര്‍.
ഐ ജി ഡോ. ബോറലിംഗപ്പ, ജില്ലാ പൊലീസ് സൂപ്രണ്ട് കെ. രാമരാജന്‍ എന്നിവര്‍ സ്ഥലത്തെത്തി പരിശോധന നടത്തി. അഡീഷണല്‍ എസ് പി യുടെയും ഡി വൈ എസ് പി യുടെയും നേതൃത്വത്തില്‍ മൂന്ന് ഇന്‍സ്‌പെക്ടര്‍മാരും ഏഴ് സബ് ഇന്‍സ്‌പെക്ടര്‍മാരും ചേര്‍ന്ന് കേസ് അന്വേഷിക്കാന്‍ പ്രത്യേക സംഘം രൂപീകരിച്ചതായി ജില്ലാ പോലീസ് സൂപ്രണ്ട് കെ. രാമരാജന്‍ പറഞ്ഞു. കാസര്‍കോട്, കണ്ണൂര്‍ ജില്ലകള്‍ കേന്ദ്രീകരിച്ച് സമാനതട്ടിപ്പുകള്‍ നടത്തുകയോ ആസൂത്രണം ചെയ്യുകയോ ചെയ്തവരെ കേന്ദ്രീകരിച്ചാണ് അന്വേഷണം.

Leave a Comment

Your email address will not be published. Required fields are marked *

RELATED NEWS

You cannot copy content of this page