കാസര്‍കോട്: മലയാളികള്‍ക്കെതിരായുള്ള മുന്‍ ബി.ജെ.പി എം.പി പ്രതാപ് സിംഹയുടെ അധിക്ഷേപ പരാമര്‍ശങ്ങള്‍ അങ്ങേയറ്റം അപലപനീയവും പ്രതിഷേധാര്‍ഹവുമാണെന്ന് മഞ്ചേശ്വരം എംഎല്‍എ എകെഎം അഷ്‌റഫ്. ഇത്തരത്തില്‍ പരാമര്‍ശം നടത്തുന്ന ആളുകള്‍ക്കെതിരെ കര്‍ശന നടപടിയെടുക്കണമെന്നും കേസ് രജിസ്റ്റര്‍ ചെയ്യണമെന്നും ആവശ്യപ്പെട്ട് കര്‍ണാടക മുഖ്യമന്ത്രിക്കും ആഭ്യന്തര മന്ത്രിക്കും ഇ മെയില്‍ വഴി പരാതി നല്‍കിയെന്നും എംഎല്‍എ പറഞ്ഞു. മലയാളികള്‍ എത്തി കര്‍ണാടകയിലെ സംസ്‌കാരം നശിപ്പിക്കുന്നുവെന്നും, ഗുണ്ടല്‍പേട്ടിന്റെ പകുതി മലയാളികള്‍ കയ്യേറിയെന്നും, കുടക് മുഴുവന്‍ മലയാളികളുടെ തോന്നിയവാസമാണെന്നുമുള്ള വിദ്വേഷ പ്രസ്താവനകളാണ് അദ്ദേഹം നടത്തിയിരിക്കുന്നത്.
കര്‍ണാടകയുടെ സംസ്‌കാരം മലയാളികളെയോ, മലയാളിയുടെ സംസ്‌കാരം കര്‍ണാടകക്കാരെയോ ആരും പഠിപ്പിക്കേണ്ടതില്ല. എം.പിയായിരുന്ന കാലത്ത് ജനങ്ങള്‍ക്ക് വേണ്ടി ഒരു ചുക്കും ചുണ്ണാമ്പും ചെയ്യാത്ത ഇയാള്‍, ‘ചീപ്പ് പോപ്പുലാരിറ്റി’ക്ക് വേണ്ടിയാണ് ഇത്തരം പ്രസ്താവനകള്‍ ഇറക്കുന്നത്.
കേരളം, കര്‍ണാടക, തമിഴ്‌നാട് എന്നൊന്നുമല്ല നമ്മളെല്ലാം പറയുന്നത്; നമ്മുടെ ചോരത്തിളപ്പില്‍ പോലും പറയുന്നത് ‘ഇന്ത്യക്കാരന്‍’ എന്നാണ്. ഇന്ത്യയ്ക്ക് മതേതരത്വത്തിന്റെയും നന്മകളുടെയും നൂറുകൂട്ടം മാതൃകകള്‍ സമ്മാനിച്ചവരാണ് മലയാളികളെന്ന് എംഎല്‍എ പറഞ്ഞു.
കേരളത്തിലുള്ള കന്നഡ ഭാഷ സംസാരിക്കുന്ന എം.എല്‍.എയാണ് ഞാന്‍; മലയാളികള്‍ ഒരിക്കലും സംസ്‌കാരം നശിപ്പിച്ചിട്ടില്ല, മറിച്ച് എവിടെയെങ്കിലും എത്തിയിട്ടുണ്ടെങ്കില്‍ അവിടെ സാംസ്‌കാരികമായി ഉന്നതിയിലെത്തിക്കാനും മതേതരത്വത്തിലേക്ക് മനുഷ്യരെ കൊണ്ടുപോകാനുമുള്ള മനസ്സുള്ളവരാണ് മലയാളികള്‍. ഇത്തരത്തിലുള്ള കാര്യം പറയുമ്പോള്‍ കേരളത്തിലെ ബി.ജെ.പി ഘടകം വാ തുറക്കണം. കേരളത്തിലെ ബി.ജെ.പി അടക്കമുള്ള പാര്‍ട്ടികള്‍ പോലും ഇയാളെ തള്ളിപ്പറയാന്‍ തയ്യാറാവണം. ഇത്രമാത്രം സെക്യുലറും സാംസ്‌കാരികമായി ഉന്നതിയിലുമുള്ള ഒരു ജനതയെ കുറ്റപ്പെടുത്തുന്നത് ഒരിക്കലും അംഗീകരിക്കാന്‍ കഴിയില്ലെന്നും അദ്ദേഹം ഫേസ്ബുക്ക് പോസ്റ്റിലൂടെ വ്യക്തമാക്കി.







