5കോടിയുടെ ചരസുമായി നീലേശ്വരം സ്വദേശി പിടിയിലായ കേസ്; അന്വേഷണം കാസര്‍കോട്ടേക്കും

കാസര്‍കോട്: അന്താരാഷ്ട്ര വിപണിയില്‍ അഞ്ചുകോടി രൂപ വിലവരുന്ന രണ്ടര കിലോ ചരസുമായി നീലേശ്വരം സ്വദേശി നെടുമ്പാശ്ശേരിയിലെ ഹോട്ടല്‍ മുറിയില്‍ പിടിയിലായ കേസിന്റെ അന്വേഷണം പൊലീസ് ഊര്‍ജ്ജിതമാക്കി. നീലേശ്വരം, ചിറപ്പുറത്തെ മുഹമ്മദ് സിറാജുദ്ദീന്‍ (25) കഴിഞ്ഞ ദിവസമാണ് നെടുമ്പാശ്ശേരി പൊലീസും റൂറല്‍ ഡാന്‍സാഫ് ടീമും സംയുക്തമായി നടത്തിയ റെയ്ഡിനിടയില്‍ അറസ്റ്റിലായത്. ന്യൂദെല്‍ഹിയില്‍ നിന്നു വിമാന മാര്‍ഗ്ഗം മംഗ്‌ളൂരുവില്‍ എത്തിയ സിറാജുദ്ദീനെ കുരുക്കാന്‍ കാസര്‍കോട് നാര്‍ക്കോട്ടിക് ഡാന്‍സാഫ് ടീം വലവിരിച്ചിരുന്നു. എന്നാല്‍ മംഗ്‌ളൂരുവില്‍ നിന്നു ട്രെയിന്‍ കയറി തൃശൂരിലേയ്ക്ക് പോയ സിറാജുദ്ദീനെ കണ്ടെത്താനായില്ല. ഇയാൾ രക്ഷപ്പെട്ട വിവരം മറ്റു ജില്ലകളിലെ ബന്ധപ്പെട്ട ഉദ്യോഗസ്ഥരെ അറിയിച്ചു. ഇതിന്റെ അടിസ്ഥാനത്തിലാണ് മുഹമ്മദ് സിറാജുദ്ദീനെ നെടുമ്പാശ്ശേരിയിലെ ഒരു ഹോട്ടല്‍ മുറിയില്‍ വച്ച് പിടികൂടിയത്. മംഗ്‌ളൂരുവില്‍ നിന്നു ട്രെയിന്‍ കയറിയ പ്രതി തൃശൂരില്‍ ഇറങ്ങി ടാക്‌സിയിലാണ് നെടുമ്പാശ്ശേരിയില്‍ എത്തിയതെന്നു പൊലീസ് വൃത്തങ്ങള്‍ പറഞ്ഞു.
അത്യധികം അപകടകാരിയാണ് ചരസ്. കഞ്ചാവ് ചെടിയുടെ പൂക്കളിലും ഇലകളിലും കാണപ്പെടുന്ന പശ വേര്‍തിരിച്ചെടുത്താണ് ചരസ് നിര്‍മ്മിക്കുന്നതെന്നു പൊലീസ് പറഞ്ഞു. അറസ്റ്റിലായ മുഹമ്മദ് സിറാജുദ്ദീനു മാരക മയക്കു മരുന്നായ ചരസ് ലഭ്യമായതിനു പിന്നില്‍ കാസര്‍കോട് സ്വദേശികളായ ചിലരുണ്ടെന്നാണ് പൊലീസിനു ലഭിച്ചിട്ടുള്ള വിവരം. ഇവരെ കണ്ടെത്തുന്നതിനാണ് നെടുമ്പാശ്ശേരി പൊലീസിന്റെ അന്വേഷണം ഇങ്ങോട്ടേയ്ക്ക് വ്യാപിപ്പിച്ചതെന്നാണ് സൂചന.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
Scroll to top

You cannot copy content of this page