കെയ്‌റോ: ഈജിപ്തിലെ കയ്റോയ്ക്ക് സമീപം ടാങ്കര്‍ ലോറി മറിഞ്ഞുണ്ടായ തീ പിടിത്തത്തില്‍ മുപ്പതിലേറെപ്പേര്‍ മരിച്ചു. 15 പേര്‍ക്ക് പരിക്കേറ്റു. 27 വാഹനങ്ങള്‍ അഗ്നിക്കിരയായതായി ഉദ്യോഗസ്ഥര്‍ അറിയിച്ചു. ബുധനാഴ്ച ഗ്രേറ്റർ കെയ്‌റോ മേഖലയുടെ ഭാഗമായ ഗിസയിലെ ജനവാസ മേഖലയായ വറാഖിലെ റിംഗ് റോഡിലാണ് നാടിനെ നടുക്കിയ ദുരന്തമുണ്ടായത്. അപകടത്തെത്തുടർന്ന് പടർന്ന തീയിൽ ഇരുപത്തിനാലിലധികം കാറുകളും മോട്ടോർ സൈക്കിളുകളും പൂർണ്ണമായും കത്തിനശിച്ചു. ഇംബാഹ്ബു ജില്ലയിലെ സുപ്രധാന റിങ് റോഡിലാണ് അപകടം ഉണ്ടായത്. പെട്രോളിയം സാധനങ്ങളുമായി പോയ ലോറിയാണ് മറിഞ്ഞത്. ടാങ്കർ മറിഞ്ഞതിന് പിന്നാലെ ഇന്ധനം ചോർന്ന് അതിവേഗം സമീപത്തെ വാഹനങ്ങളിലേക്ക് തീ പടരുകയായിരുന്നു. കത്തിയമർന്ന കാറുകൾക്കുള്ളിൽ നിരവധി പേർ കുടുങ്ങിപ്പോയതാണ് മരണസംഖ്യ ഉയരാൻ കാരണമായത്. അഗ്നിശമന സേനാംഗങ്ങൾ തീയണയ്ക്കാൻ ശ്രമിക്കുന്നതിനിടെ രക്ഷാപ്രവർത്തകർ വാഹനങ്ങൾക്കുള്ളിൽ നിന്നും മൃതദേഹങ്ങൾ പുറത്തെടുക്കുന്ന ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്. അപകടവിവരമറിഞ്ഞ് ഇംബാബയിലെ വറാഖ് പ്രദേശത്ത് നൂറുകണക്കിന് ആളുകളാണ് തടിച്ചുകൂടിയത്. മരിച്ചവരെ തിരിച്ചറിയുന്നതിനായി ഡിഎന്‍എ സാംപിളുകള്‍ ശേഖരിച്ചിട്ടുണ്ട്. അപകടത്തിൽ പരിക്കേറ്റവരെ അടുത്തുള്ള ആശുപത്രികളിൽ പ്രവേശിപ്പിച്ചതായും താൻ അപകടസ്ഥലം സന്ദർശിക്കുമെന്നും ഈജിപ്ഷ്യൻ ആരോഗ്യമന്ത്രി ഖാലിദ് അബ്ദുൾ ഗഫാർ അറിയിച്ചു. നിലവിലെ മരണസംഖ്യ പ്രാഥമികം മാത്രമാണെന്നും പരിക്കേറ്റ പലരുടെയും നില ഗുരുതരമായതിനാൽ മരണസംഖ്യ ഇനിയും ഉയരാൻ സാധ്യതയുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. സംഭവത്തില്‍ അന്വേഷണം പ്രഖ്യാപിച്ചു.








