കാസര്‍കോട്: കേരളത്തിലാദ്യമായി എ.ഐ അധിഷ്ഠിത ഇന്‍ട്രാവാസ്‌കുലാര്‍ അള്‍ട്രാസൗണ്ട് സംവിധാനം അവതരിപ്പിച്ച് കാസര്‍കോട് ആസ്റ്റര്‍ മിംസ് ആശുപത്രി. ജപ്പാന്‍ നിര്‍മിത നിപ്രോയുടെ മക്കോട്ടോ എ.ഐ അധിഷ്ഠിത ഇന്‍ട്രാവാസ്‌കുലര്‍ അള്‍ട്രാസൗണ്ട്’ സംവിധാനമാണ് ആശുപത്രിയില്‍ സജ്ജമാക്കിയിരിക്കുന്നത്. ഈ സാങ്കേതിക വിദ്യ ഉപയോഗിക്കുന്ന സംസ്ഥാനത്തെ ആദ്യ ആശുപത്രി എന്ന നേട്ടവും കാസര്‍കോട് ആസ്റ്റര്‍ മിംസ് കൈവരിച്ചിരിക്കുകയാണെന്ന് മാനേജ്‌മെന്റ് അവകാശപ്പെട്ടു. പൊതുജനങ്ങള്‍ക്ക് ലോകോത്തരമായ ചികിത്സാസംവിധാനങ്ങള്‍ ഒരുക്കുക എന്ന ആസ്റ്റര്‍ ഡി.എം ക്വാളിറ്റി കെയര്‍ ലിമിറ്റഡ് ചെയര്‍മാന്‍ ഡോ. ആസാദ് മൂപ്പന്റെ ദീര്‍ഘവീക്ഷണത്തിന്റെയും മാര്‍ഗ്ഗനിര്‍ദ്ദേശത്തിന്റെയും ഭാഗമായാണ് നൂതന സാങ്കേതിവിദ്യയില്‍ അധിഷ്ഠിതമായ ഹൃദയചികിത്സ ഒരുങ്ങിയിരിക്കുന്നത്.
ഹൃദയത്തിലെ കൊറോണറി ആര്‍ട്ടറികളുടെ ഉള്‍ഭാഗം ശബ്ദതരംഗങ്ങള്‍ ഉപയോഗപ്പെടുത്തി കൂടുതല്‍ വ്യക്തമായി കാണാന്‍ ഇന്‍ട്രാവാസ്‌കുലാര്‍ അള്‍ട്രാസൗണ്ട് മെഷീനുകള്‍ കൊണ്ട് സാധിക്കും. സാധാരണ ആന്‍ജിയോഗ്രാം പരിശോധനകളെക്കാള്‍ കൃത്യമായി രക്തക്കുഴലുകളിലെ ബ്ലോക്കുകളും കാല്‍സ്യം അടിഞ്ഞുകൂടിയതും (പ്ലാക്ക്) വ്യക്തമായി മനസിലാക്കാന്‍ കഴിയും. സാധാരണ ആന്‍ജിയോഗ്രാം പരിശോധനകളില്‍ നിന്ന് ലഭിക്കുന്ന 2 ഡി ചിത്രങ്ങളേക്കാള്‍ വ്യക്തതയോടെ രക്തധമനികളുടെ ഉള്‍വശവും, തടസ്സങ്ങളുടെ കാഠിന്യം, ധമനീഭിത്തികളില്‍ അടിഞ്ഞുകൂടിയ കൊഴുപ്പിന്റെയും കാല്‍സ്യത്തിന്റെയും അളവ് എന്നിവ തത്സമയം മനസ്സിലാക്കാന്‍ ഈ സാങ്കേതികവിദ്യ സഹായിക്കുന്നു. ഇതുവഴി ഓരോ രോഗിക്കും അനുയോജ്യമായ ചികിത്സാ രീതി കൃത്യമായി നിശ്ചയിക്കാനും സങ്കീര്‍ണ്ണമായ ആന്‍ജിയോപ്ലാസ്റ്റി ആവശ്യമായി വരുന്ന രോഗികള്‍ക്ക് ഉയര്‍ന്ന നിലവാരത്തിലുള്ള സുരക്ഷയും കൃത്യതയും ഉറപ്പാക്കാന്‍ പുതിയ സംവിധാനത്തിലൂടെ സാധിക്കും. കൂടാതെ ഭാവിയില്‍ വീണ്ടും ബ്ലോക്കുകള്‍ ഉണ്ടാകാനുള്ള സാധ്യത കുറയ്ക്കാനും ഇത് ഏറെ സഹായകമാണെന്ന് ആസ്റ്റര്‍ മിംസിലെ കാര്‍ഡിയോളജി വിഭാഗം തലവനും സീനിയര്‍ കണ്‍സല്‍ട്ടന്റ് കാര്‍ഡിയോളജിസ്റ്റുമായ ഡോ.രാമകൃഷ്ണ പറഞ്ഞു. നൂതന വൈദ്യശാസ്ത്ര സാങ്കേതികവിദ്യകളും മികച്ച ആരോഗ്യപരിപാലനവും സാധാരണക്കാര്‍ക്ക് പ്രാപ്യമാക്കുക എന്നതാണ് ആശുപത്രിയുടെ ലക്ഷ്യമെന്ന് ആശുപത്രി അധികൃതര്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. ചീഫ് ഓഫ് മെഡിക്കല്‍ സര്‍വീസസ് ഡോ. സാജിദ് സലാവുദ്ധീന്‍, കാര്‍ഡിയോളജിസ്റ്റുമാരായ ഡോ. അബ്ദുള്‍ നവാഫ്, ഡോ. കെ കിഷന്‍ രാജ്, സി.ഒ.ഒ സുധീര്‍ ബാസുരി എന്നിവരും വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.







