ചെന്നൈ: തമിഴക വെട്രി കഴകം എംഎല്‍എയും ചെന്നൈ കൊളത്തൂര്‍ മണ്ഡലത്തിലെ എംഎല്‍എയുമായ വിഎസ് ബാബു (72) അന്തരിച്ചു. ശ്വാസകോശ സംബന്ധമായ അസുഖത്തെത്തുടര്‍ന്ന് ചെന്നൈയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലിരിക്കെ വ്യാഴാഴ്ച ഉച്ചയോടെയായിരുന്നു അന്ത്യം.
സെപ്റ്റംബര്‍ ഒന്‍പതിനാണ് ശ്വാസകോശ സംബന്ധമായ ഗുരുതര ആരോഗ്യപ്രശ്നങ്ങളെത്തുടര്‍ന്ന് ബാബുവിനെ എംജി.എം ഹെല്‍ത്ത് കെയറില്‍ പ്രവേശിപ്പിച്ചത്. 2026-ലെ തമിഴ്നാട് നിയമസഭാ തെരഞ്ഞെടുപ്പില്‍ ഡിഎംകെ. അധ്യക്ഷനും മുന്‍ മുഖ്യമന്ത്രിയുമായ എംകെ.സ്റ്റാലിനെ അട്ടിമറിച്ചതോടെയാണ് വി.എസ്. ബാബു ശ്രദ്ധേയനായത്. 2011 മുതല്‍ സ്റ്റാലിന് തുടര്‍ച്ചയായി വിജയിച്ചുകൊണ്ടിരുന്ന ഉരുക്കുകോട്ടയായ കൊളത്തൂര്‍ മണ്ഡലത്തില്‍ 8,795 വോട്ടുകളുടെ ഭൂരിപക്ഷത്തിനായിരുന്നു ബാബുവിന്റെ ചരിത്രവിജയം. നേരത്തെ ഡിഎംകെ.യുടെ പ്രമുഖ നേതാവായിരുന്ന വി.എസ്. ബാബു പാര്‍ട്ടിയുടെ നോര്‍ത്ത് ചെന്നൈ ജില്ലാ സെക്രട്ടറിയായി പ്രവര്‍ത്തിച്ചിട്ടുണ്ട്.








