മംഗളൂരു: പതിമൂന്ന് കാരനെ പീഡിപ്പിച്ച കേസിൽ ഫാദർ സിപ്രിയൻ പിന്റോ (65) അറസ്റ്റിലായി. കഴിഞ്ഞ മെയ് 13 ന് ഉള്ളാൾ താലൂക്കിലെ പെർമന്നൂർ ഗ്രാമത്തിലെ സെന്റ് സെബാസ്റ്റ്യൻസ് പള്ളിയിൽ പ്രാർത്ഥനയ്ക്കായി എത്തിയപ്പോൾ ആൺകുട്ടിയെ കൂട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചു എന്നാണ് കേസ്. പരാതിയെ തുടർന്ന് വനിതാ പൊലീസ് ആണ് പോക്സോ നിയമപ്രകാരം പ്രതിക്കെതിരെ കേസെടുത്തത്. അറസ്റ്റിലായ സിപ്രിയൻ പിന്റോയെ സിറ്റി കോടതി ഡിസംബർ 2 വരെ ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടു. സിപ്രിയൻ പിന്റോ നേരത്തെ ഒരു 14 കാരനെ പ്രകൃതിവിരുദ്ധമായി പീഡിപ്പിച്ച കേസിൽ അറസ്റ്റിലായിരുന്നു. പിന്നാലെയാണ് വീണ്ടും പരാതി വന്നിരിക്കുന്നത്. ഇതേ തുടർന്ന്
മംഗളൂരു പോലീസ് കമ്മീഷണർ സി എച്ച് സുധീർ കുമാർ റെഡ്ഡി സെൻട്രൽ സബ് ഡിവിഷനിലെ എസിപി രവീഷ് നായിക്കിനെ അന്വേഷണം ഏൽപ്പിച്ചിരുന്നു. എന്നാൽ ഫാദർ സിപ്രിയൻ പിന്റോ ആശുപത്രിയിൽ ചികിത്സയിലായിരുന്നതിനാൽ, എഫ്‌ഐആർ രജിസ്റ്റർ ചെയ്തിട്ടും അദ്ദേഹത്തെ അറസ്റ്റ് ചെയ്തിരുന്നില്ല. തുടർന്ന് ബുധനാഴ്ചയാണ് ഇയാളുടെ അറസ്റ്റ് രേഖപ്പെടുത്തിയത്.
വലൻസിയയിലെ സെന്റ് വിൻസെന്റ് ഫെറർ പള്ളിയിൽ പുരോഹിതനായിരിക്കെ 14 വയസ്സുള്ള ആൺകുട്ടിയെ ലൈംഗികമായി പീഡിപ്പിച്ചുവെന്ന കേസിൽ ഫാ. സിപ്രിയൻ പിന്റോ ഒക്ടോബർ 18 ന് അറസ്റ്റിലായിരുന്നു. തുടർന്ന് ഒക്ടോബർ 31 ന് ഫാസ്റ്റ് ട്രാക്ക് സെഷൻസ് കോടതി ഫാ. സിപ്രിയൻ പിന്റോയെ സോപാധിക ജാമ്യത്തിൽ വിട്ടയക്കുകയായിരുന്നു. നിരവധി കുട്ടികൾ സിപ്രിയൻ പിന്റോക്കെതിരെ പീഡന പരാതികൾ ഉന്നയിച്ചു പരാതി നൽകിയിരുന്നു. അതേസമയം പൊലീസ് രണ്ടു കേസുകളിൽ മാത്രമാണ് എഫ്ഐആർ രജിസ്റ്റർ ചെയ്തത്.








