കൊൽക്കത്ത: പശ്ചിമ ബംഗാളിലെ ബിർഭൂം ജില്ലയിൽ പൊലീസ് കോൺസ്റ്റബിളിന് നേരെ വെടിയുതിർത്ത കേസിലെ പ്രതി രത്തൻ ഷെയ്ഖ് ഞായറാഴ്ച പൊലീസുമായുണ്ടായ ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ടു. ജില്ലയിലെ നാനൂർ പ്രദേശത്തുള്ള ചാർക്കോൾ ഗ്രാമത്തിലെ ഒരു ഇഷ്ടിക ചൂളയിൽ വെച്ച് പൊലീസ് സംഘം ഇയാളെ പിടികൂടാൻ ശ്രമിക്കുന്നതിനിടെയായിരുന്നു സംഭവം. ഒളിവിൽ കഴിഞ്ഞിരുന്ന രത്തൻ ഷെയ്ഖ് പൊലീസ് സംഘത്തിന് നേരെ വീണ്ടും വെടിയുതിർത്തതോടെ പൊലീസ് സ്വയരക്ഷാർത്ഥം തിരിച്ച് വെടിവെക്കുകയായിരുന്നു. വെടിയേറ്റ് ഗുരുതരമായി പരിക്കേറ്റ ഇയാളെ ഉടൻ തന്നെ നാനൂർ ആരോഗ്യ കേന്ദ്രത്തിൽ എത്തിച്ചെങ്കിലും ഡോക്ടർമാർ മരണം സ്ഥിരീകരിച്ചു. 30 ക്രിമിനൽ കേസുകളിൽ പ്രതിയായ രത്തൻ ഷെയ്ഖ് നവംബർ 13-ന് ശാന്തിനികേതൻ സ്റ്റേഷൻ പരിധിയിലുള്ള ലൈക്ക് ബസാറിൽ വെച്ചാണ് പൊലീസിന് നേരെ ആദ്യം വെടിയുതിർത്തത്. അന്ന് ഇയാളെ അറസ്റ്റ് ചെയ്യാനെത്തിയ പൊലീസ് സംഘത്തിന് നേരെ വെടിവെച്ചതിനെ തുടർന്ന് 31-കാരനായ കോൺസ്റ്റബിൾ ബിശ്വജിത് ദാസിന്റെ ഇടതുകാലിന് മുട്ടിന് സമീപം വെടിയേറ്റിരുന്നു. പരിക്കേറ്റ കോൺസ്റ്റബിളിനെ ആദ്യം ബർദ്വാൻ മെഡിക്കൽ കോളേജ് ആശുപത്രിയിലും പിന്നീട് വിദഗ്ധ ചികിത്സയ്ക്കായി കൊൽക്കത്തയിലെ എസ്.എസ്.കെ.എം ആശുപത്രിയിലും പ്രവേശിപ്പിച്ചിരുന്നു. പശ്ചിമ ബംഗാളിൽ ബി.ജെ.പി അധികാരത്തിൽ വന്നതിന് ശേഷമുള്ള ആറ് മാസത്തിനിടെ സംസ്ഥാനത്ത് നടക്കുന്ന അഞ്ചാമത്തെ പോലീസ് ഏറ്റുമുട്ടലാണിത്. നേരത്തെ ബാരുയ്പൂർ, ഗൈഘട്ട, സംഷേർഗഞ്ച്, റായ്ഗഞ്ച് എന്നിവിടങ്ങളിലും സമാനമായ രീതിയിൽ ഏറ്റുമുട്ടലുകൾ റിപ്പോർട്ട് ചെയ്തിരുന്നു. സംസ്ഥാനത്ത് ക്രിമിനലുകൾക്ക് യാതൊരു സ്ഥാനവുമില്ലെന്നും ക്രമസമാധാനം പാലിക്കാൻ പൊലീസിന് പൂർണ്ണ സ്വാതന്ത്ര്യം നൽകിയിട്ടുണ്ടെന്നും മുഖ്യമന്ത്രി സുവേന്തു അധികാരി വ്യക്തമാക്കി.








