കണ്ണൂര്‍: പെരിങ്ങത്തൂര്‍ സ്വദേശിയായ പതിനേഴുകാരന് ശിവസൂര്യയുടെ തിരോധാനത്തിന് ഇന്നേക്ക് മൂന്നുമാസം.
അന്വേഷണം ക്രൈംബ്രാഞ്ച് ഏറ്റെടുത്തിട്ടും കുട്ടിയെ കണ്ടെത്താനായില്ല. കുട്ടിയെ കണ്ടെത്താന്‍ ലുക്കൗട്ട് നോട്ടീസ് പുറത്തിറക്കിയിരിക്കുകയാണ് ക്രൈംബ്രാഞ്ച് ഇപ്പോള്‍. കാസര്‍കോടും മറ്റുജില്ലകളിലും അന്വേഷണം നടക്കുന്നുണ്ട്. ഇനി കാശിയിലേക്കും അന്വേഷണം വ്യാപിപ്പിക്കും. എസ്പി കെവി വേണുഗോപാലിന്റെ നേതൃത്വത്തിലാണ് അന്വേഷണം നടക്കുന്നത്. മൊബൈല്‍ ഫോണ്‍ വാങ്ങി വെച്ചതിന്റെ പേരിലാണ് ശിവസൂര്യ ഓഗസ്റ്റ് 8ന് വീട് വിട്ടത്. കാശിയിലേക്ക് പോകുന്നുവെന്നും അവിടെയെത്തി ദൈവത്തില്‍ അലിയും എന്ന് കുറിപ്പ് എഴുതി വച്ചിരുന്നു. ആദ്യം കേസ് അന്വേഷിച്ച ചൊക്ലി പൊലീസും പിന്നീട് അന്വേഷിച്ച പ്രത്യേക സംഘവും കേരളത്തിലുടനീളം പരിശോധന നടത്തിയിരുന്നു. തുടര്‍ന്ന് ബെംഗളൂരു, മൈസൂരു, മംഗളൂരു എന്നിവിടങ്ങളിലും ഒടുവില്‍ വാരണാസിയിലും അന്വേഷണം നടത്തി. എന്നാല്‍ ശിവസൂര്യയെക്കുറിച്ച് യാതൊരു സൂചനയും കിട്ടിയിരുന്നില്ല. ഒരിടത്തെയും സിസിടിവി ക്യാമറയില്‍ 17കാരന്റെ ദൃശ്യം പതിഞ്ഞിട്ടുമില്ല. ശിവസൂര്യക്ക് ഒളിവില്‍ കഴിയാന്‍ മറ്റാരുടേയോ സഹായം കിട്ടുന്നുണ്ടെന്ന സംശയം പൊലീസിനും വീട്ടുകാര്‍ക്കുമുണ്ട്.








