കാസര്‍കോട്: ജില്ലയിലെ ആരോഗ്യ മേഖലയിലെ പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിന് മുന്തിയ പരിഗണന നല്‍കുമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി കെ. മുരളീധരന്‍ പറഞ്ഞു. കാഞ്ഞങ്ങാട് ജില്ലാ വാക്‌സിന്‍ സ്റ്റോറിന്റെ ഉദ്ഘാടനം നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. കാസര്‍കോട്, വയനാട്, ഇടുക്കി ജില്ലകളില്‍ പ്രത്യക പരിഗണന നല്‍കും. ഈ ജില്ലകളിലെ സര്‍ക്കാര്‍ ആശുപത്രികളില്‍ നിന്നു ഡോക്ടര്‍മാരുടെ വ്യാപക സ്ഥലംമാറ്റം ഒഴിവാക്കുന്നതിന് നടപടി സ്വീകരിക്കുമെന്നും മന്ത്രി പറഞ്ഞു. ജില്ലാ ആശുപത്രിക്ക് സമീപം പ്രവര്‍ത്തിക്കുന്ന ഡിഎംഒ ഓഫീസ് ജില്ലാ വാക്‌സിന്‍ സ്റ്റോറിനോട് അനുബന്ധിച്ച കെട്ടിടത്തിലേയ്ക്ക് മാറ്റി സ്ഥാപിക്കുന്നതിനു മന്ത്രി നിര്‍ദേശം നല്‍കി.
ജില്ലാശുപത്രിയിലെ കാത്ത് ലാബ് ഒരാഴ്ചക്കുള്ളില്‍ പ്രവര്‍ത്തനക്ഷമമാക്കും. സിടി സ്‌കാന്‍ സംവിധാനം ഉടന്‍ നടപ്പിലാക്കും. ഒഴിഞ്ഞു കിടക്കുന്ന തസ്തികയില്‍ ഉടന്‍ ന്യൂറോളജിസ്റ്റിനെ നിയമിക്കുമെന്നും മന്ത്രി പറഞ്ഞു. സര്‍ക്കാര്‍ ആശുപത്രികളിലെത്തുന്ന രോഗികള്‍ക്കു മികച്ച ചികിത്സ ഉറപ്പുവരുത്തുമെന്ന് മന്ത്രി കൂട്ടിച്ചേര്‍ത്തു. സര്‍ക്കാര്‍ ആശുപത്രികളില്‍ ക്യാന്‍സര്‍ പരിശോധനയ്ക്കുള്ള ടെസ്റ്റ് ക്യാന്‍ പദ്ധതി ആരംഭിക്കും. രണ്ടുമാസത്തിനുള്ളില്‍ തൃശൂര്‍ ഗവ. മെഡിക്കല്‍ കോളേജില്‍ ഇത് ഉദ്ഘാടനം ചെയ്യും .
കാസര്‍കോട് ജില്ലയിലെ എന്‍ എച്ച് എം ജീവനക്കാരുടെ പ്രവര്‍ത്തനം രണ്ടുമാസം കൂടി നീട്ടിനല്‍കുമെന്നും മന്ത്രി പറഞ്ഞു. അഡ്വ.ഗോവിന്ദന്‍ പള്ളിക്കാപ്പില്‍ എംഎല്‍എ അധ്യക്ഷത വഹിച്ചു.
രാജ്‌മോഹന്‍ ഉണ്ണിത്താന്‍ എംപി മുഖ്യാതിഥിയായിരുന്നു. ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ.കെ.ടി. രേഖ റിപ്പോര്‍ട്ട് അവതരിപ്പിച്ചു. കാഞ്ഞങ്ങാട് നഗരസഭ ആരോഗ്യകാര്യ സ്ഥിരം സമിതി അധ്യക്ഷന്‍ മുഹമ്മദ് മുറിയനാവി, കൗണ്‍സിലര്‍ പിവി ചന്ദ്രന്‍, ദേശീയ ആരോഗ്യ ദൗത്യം ജില്ലാ പോഗ്രാം മാനേജര്‍ ഡോക്ടര്‍ ധന്യ ദയാനന്ദന്‍, ഡെപ്യൂട്ടി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. എം രാജേഷ്, ഡോ.കെ മനീഷ്, പികെ ഫൈസല്‍, അബ്ദുല്‍ റഹ്‌മാന്‍, എ ദാമോദരന്‍, നിസാം ഫലാഹ്, കെഎം ചാക്കോ, ഹരീഷ് ബി നമ്പ്യാര്‍, ടിവി ഉമേശന്‍ സംസാരിച്ചു. കാഞ്ഞങ്ങാട് നഗരസഭ ചെയര്‍മാന്‍ വിവി രമേശന്‍ സ്വാഗതവും ജില്ലാ ആശുപത്രി സൂപ്രണ്ട് ഡോ.എംപി ജീജ നന്ദിയും പറഞ്ഞു.








