കാസര്‍കോട്: പള്ളിക്കര, പൂച്ചക്കാട്ട് 17കാരന് വെടിയേറ്റ സംഭവത്തില്‍ പൊലീസ് അന്വേഷണം ഊര്‍ജ്ജിതമാക്കി ബേക്കല്‍ പൊലീസ്. ഇതിന്റെ ഭാഗമായി റിവോള്‍വര്‍ കസ്റ്റഡിയിലെടുത്തു. കാസര്‍കോട് ഇന്ദിരാനഗറിലെ ആശുപത്രിയില്‍ വച്ച് 17കാരന്റെ ശരീരത്തില്‍ നിന്നു ശസ്ത്രക്രിയയിലൂടെ പുറത്തെടുത്ത 0.32 എംഎം വലുപ്പമുള്ള വെടിയുണ്ടയും പൊലീസ് ഉടന്‍ കസ്റ്റഡിയിലെടുക്കും.
ശനിയാഴ്ച രാത്രി പത്തര മണിയോടെയാണ് കേസിനാസ്പദമായ സംഭവം. പിതാവ് തലയണക്കടിയില്‍ വച്ചിരുന്ന റിവോള്‍വര്‍ എടുത്തു പരിശോധിക്കുന്നതിനിടയിലാണ് അബദ്ധത്തില്‍ വെടി പൊട്ടിയത്. വയറിനു വെടിയേറ്റ 17കാരനെ ഉടന്‍ ഇന്ദിരാനഗറിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിക്കുകയായിരുന്നു. ഏറെ നേരം നീണ്ടുനിന്ന ശസ്ത്രക്രിയയിലൂടെയാണ് വെടിയുണ്ട ദേഹത്തു നിന്നു നീക്കം ചെയ്തത്. ആന്തരികാവയങ്ങള്‍ക്ക് യാതൊരു പരിക്കുകളും ഉണ്ടായിട്ടില്ലെന്നും ഭാഗ്യത്തിനാണ് ഇങ്ങനെ സംഭവിച്ചതെന്നുമെന്നാണ് ശസ്ത്രക്രിയ നടത്തിയ ഡോക്ടര്‍, പൊലീസിനു നല്കിയ മൊഴിയില്‍ പറയുന്നത്. അന്വേഷണത്തിന്റെ ഭാഗമായി ഫോറന്‍സിക് വിദഗ്ധര്‍ വെടിവയ്പ്പുണ്ടായ പൂച്ചക്കാട്ടെ വീട്ടിലെത്തി പരിശോധന നടത്തി. റിവോള്‍വര്‍ ബാലിസ്റ്റിക് പരിശോധനക്ക് അയക്കുമെന്ന് പൊലീസ് വൃത്തങ്ങള്‍ പറഞ്ഞു. പതിനേഴുകാരന്റെ പിതാവ് 20 വര്‍ഷത്തോളമായി കൈവശം വച്ചിരുന്ന റിവോള്‍വറില്‍ നിന്നാണ് വെടി പൊട്ടിയതെന്നും തോക്കിന്റെ ലൈസന്‍സ് പുതുക്കാന്‍ അപേക്ഷ നല്‍കിയിട്ടുണ്ടെന്നും പൊലീസ് കൂട്ടിച്ചേര്‍ത്തു.







