ബോവിക്കാനം: മുളിയാര്‍ പഞ്ചായത്ത് പ്രസിഡന്റിന്റെ വിലക്കുണ്ടായിട്ടും ആര്‍ എസ് എസ് പ്രവര്‍ത്തകര്‍ ഇന്നലെ വൈകിട്ട് പഥസഞ്ചലനം നടത്തി.
പരിപാടിക്കു ആവശ്യപ്പെട്ടിരുന്ന പഞ്ചായത്ത് സ്റ്റേഡിയത്തിന്റെ അനുമതി പരിപാടിക്ക് ഒരു ദിവസം മുമ്പു നിഷേധിച്ചെങ്കിലും ആര്‍ എസ് എസ് പ്രവര്‍ത്തകര്‍ പഞ്ചായത്ത് ഓഫീസ് പരിസരത്ത് പരിപാടി നടത്തി പിരിഞ്ഞു. പഞ്ചായത്ത് അധികൃതര്‍ സ്ഥലത്തു നിന്നു മാറി നിന്നു.
ആര്‍ എസ് എസിന് പരിപാടി നടത്താന്‍ പഞ്ചായത്ത് പ്രസിഡന്റ് സ്റ്റേഡിയം അനുവദിച്ചിരുന്നുവെന്നാരോപിച്ചു ചില യൂത്ത് ലീഗ് പ്രവര്‍ത്തകര്‍ വാട്‌സാപ്പുകളില്‍ പ്രകോപനപരമായ പരാമര്‍ശങ്ങള്‍ നടത്തിയിരുന്നു. ഇതില്‍ ലീഗ് നേതാവായ പഞ്ചായത്ത് പ്രസിഡന്റിനെതിരെയും വിമര്‍ശനമുയര്‍ത്തിയിരുന്നു.
ഇന്നലെ വൈകിട്ട് ചിപ്ലിക്കയ ഭജന മന്ദിരത്തില്‍ നിന്നാരംഭിച്ച പഥസഞ്ചലനം മുളിയാര്‍ പഞ്ചായത്ത് ഓഫീസ് പരിസരത്തു സമാപിച്ചു. തുടര്‍ന്ന് അവിടെ നടന്ന സമാപന പരിപാടിയില്‍ കണ്ണൂര്‍ വിഭാഗ് സഹ സമ്പര്‍ക്ക പ്രമുഖ് പി വി ലിജേഷ് ബൗദ്ധിക്ക് നടത്തി. പ്രഭാകരന്‍, ഖണ്ഡ് വ്യവസ്ഥ പ്രമുഖ് വേണുഗോപാല്‍, നിധിന്‍ കുമാര്‍ സംബന്ധിച്ചു.







