ശശിധരന്‍ കര്‍ത്തയില്‍ നിന്ന് ഇ.പി. ജയരാജന്റെ ഭാര്യയും പണം വാങ്ങി; ആരോപണവുമായി സഹോദരീപുത്രന്‍, ആരോപണം നിഷേധിച്ച് ഇപി

കണ്ണൂര്‍: സിഎംആര്‍എല്‍ എംഡി ശശിധരന്‍ കര്‍ത്തയില്‍ നിന്ന് ഇ പി ജയരാജന്റെ ഭാര്യ പികെ ഇന്ദിര പണം വാങ്ങിയെന്ന ആരോപണവുമായി ഇപി ജയരാജന്റെ സഹോദരീപുത്രന്‍ ശ്യാംജിത് ഇപി. വൈദേകം റിസോര്‍ട്ടില്‍ ചെലവഴിച്ചത് ഈ പണമാണെന്നാണ് ആരോപണം. ഇപി ജയരാജന്റെ കൈപ്പടയില്‍ എഴുതിയതെന്ന് അവകാശപ്പെട്ട് ഒരു നോട്ട്ബുക്കിന്റെ ചിത്രവും പോസ്റ്റിനൊപ്പം പങ്കുവെച്ചിട്ടുണ്ട്. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് ശ്യാംജിത്ത് വിമര്‍ശനം നടത്തിയത്. വിവാദമായതോടെ പോസ്റ്റ് പിന്‍വലിച്ചു. അതേസമയം ആരോപണം അടിസ്ഥാന രഹിതമാണെന്ന് ഇ പി ജയരാജന്‍ പ്രതികരിച്ചു. കര്‍ത്തയില്‍നിന്ന് തന്റെ ഭാര്യ പണം വാങ്ങിയെന്ന വാര്‍ത്ത അടിസ്ഥാനരഹിതമാണ്. തനിക്ക് ശശിധരന്‍ കര്‍ത്തയുമായി യാതൊരു ബന്ധവുമില്ല. റിസോട്ടുമായി ബന്ധമില്ലെന്നും അവര്‍ക്ക് ഉപദേശങ്ങള്‍ മാത്രമാണ് നല്‍കിയതെന്നും ഇപി പറഞ്ഞു. സാമ്പത്തീക ക്രമക്കേടിന്റെ പേരില്‍ ശ്യാംജിത്തിനെയും ഭാര്യയെയും വൈദേകം റിസോര്‍ട്ടില്‍ നിന്ന് പിരിച്ചുവിട്ടിരുന്നുവെന്നും അതിന് പിന്നാലെയാണ് അടിസ്ഥാന രഹിതമായ ആരോപണം ഉന്നയിക്കുന്നതെന്നും ജയരാജന്‍ പറഞ്ഞു. തന്റെ കുടുംബത്തെക്കുറിച്ച് അടിസ്ഥാനരഹിതമായ വാര്‍ത്ത കൊടുത്ത ചാനലിനെതിരെ മാനനഷ്ട കേസ് കൊടുക്കുമെന്നു ഇപി വ്യക്തമാക്കി. അതേസമയം വിഷയത്തില്‍ കൂടുതല്‍ പ്രതികരിക്കാന്‍ ശ്യാംജിത്ത് തയ്യാറായിട്ടില്ല. കൂടുതല്‍ പേര്‍ പണം നല്‍കിയിട്ടുണ്ടെന്നും അടുത്തദിവസം അറിയിക്കുമെന്നും ഫേസ്ബുക്ക് കുറിപ്പില്‍ പറയുന്നു. താന്‍ ജീവിതം അവസാനിപ്പിച്ചാല്‍ ഉത്തരവാദിത്വം പി കെ ഇന്ദിര, ഇ പി ജയരാജന്‍, തോമസ്, സി കെ ഷാജി എന്നിവര്‍ക്കാണെന്നും കുറിപ്പില്‍ പറയുന്നുണ്ട്.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
Scroll to top

You cannot copy content of this page