കണ്ണൂര്‍: സിപിഎം നേതാവും മുന്‍ കണ്ണൂര്‍ ജില്ലാപഞ്ചായത്ത് പ്രസിഡന്റുമായിരുന്ന പിപി ദിവ്യക്കെതിരെ സര്‍ക്കാര്‍ വിജിലന്‍സ് അന്വേഷണത്തിന് ഉത്തരവിട്ടു. സ്വത്ത് സമ്പാദനവും ജില്ലാ പഞ്ചായത്തിലെ ക്രമക്കേടുകളും വിജിലന്‍സ് അന്വേഷിക്കും. കെ.എസ്.യു നേതാവ് മുഹമ്മദ് ഷമ്മാസ് നല്‍കിയ പരാതിയിലാണ് നടപടി. 17(എ) പ്രകാരം അന്വേഷണത്തിനുള്ള അനുമതി സര്‍ക്കാര്‍ നല്‍കി. ടെന്‍ഡറുകളില്ലാതെ കാര്‍ട്ടന്‍ ഇന്ത്യ അലയന്‍സ് എന്ന കമ്പനിക്ക് ജില്ലാ പഞ്ചായത്ത് കരാറു നല്‍കിയെന്നും കരാറുകള്‍ നല്‍കിയ കമ്പനി ദിവ്യയുടെ ബെനാമി കമ്പനിയാണ് എന്നുമാണ് ആരോപണം. ദിവ്യയുടെയും ഭര്‍ത്താവിന്റെയും സ്വത്തും വിജിലന്‍സ് അന്വേഷിക്കും. കണ്ണൂര്‍ പാലക്കയം തട്ടില്‍ മുഹമ്മദ് ആസിഫിന്റെയും ദിവ്യയുടെ ഭര്‍ത്താവ് അജിത്തിന്റെയും പേരില്‍ വാങ്ങിയത് നാലേക്കര്‍ ഭൂമിയാണെന്നും ഷമ്മാസ് ആരോപിക്കുന്നു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റായിരിക്കേ നടത്തിയ കോടിക്കണക്കിന് രൂപയുടെ അഴിമതി സംബന്ധിച്ച് അന്വേഷണം ആവശ്യപ്പെട്ട് വിജിലന്‍സിന് കഴിഞ്ഞ വര്‍ഷം പരാതി ലഭിച്ചിരുന്നു. ബെനാമി ഭൂമികള്‍ വാങ്ങിക്കൂട്ടിയതിന്റെയും രേഖകളും തെളിവുകളും സഹിതം വിജിലന്‍സ് ഡയറക്ടര്‍ക്ക് പരാതി നല്‍കിയിരുന്നു. എന്നാല്‍ കഴിഞ്ഞ സര്‍ക്കാറിന്റെ കാലത്ത് അന്വേഷണത്തിന് അനുമതി നല്‍കിയിരുന്നില്ല. കണ്ണൂര്‍ ജില്ലാ പഞ്ചായത്ത് മുന്‍ സെക്രട്ടറി അബ്ദുല്‍ ലത്തീഫിനെതിരെയും അന്വേഷണം നടത്തും.








