കാസർകോട്: ട്രെയിനിൽ പെൺകുട്ടിയെ ശല്യം ചെയ്ത രണ്ടുപേരെ കാസർകോട് റെയിൽവേ പൊലീസ് അറസ്റ്റ് ചെയ്തു. കണ്ണൂർ കുറ്റൂർ സ്വദേശി ഇ ദീപു (36), എരമം സ്വദേശി പ്രമോദ്(54) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. കൊല്ലൂർ മൂകാംബിക ക്ഷേത്രത്തിൽ പോയി മടങ്ങി വരികയായിരുന്ന പെൺകുട്ടിയെയാണ് ഇരുവരും ശല്യം ചെയ്തത്. ഓഖ എക്സ്പ്രസിൽ കാഞ്ഞങ്ങാട്ടേക്ക് വരികയായിരുന്നു പെൺകുട്ടിയും കുടുംബവും. കാഞ്ഞങ്ങാട് എത്താറായപ്പോൾ പെൺകുട്ടിക്ക് മാനഹാനി വരുത്തുന്ന രീതിയിൽ പ്രതികൾ പെരുമാറുകയായിരുന്നു. കാഞ്ഞങ്ങാട് ട്രെയിനിറങ്ങിയ പെൺകുട്ടി പ്ലാറ്റ്ഫോമിൽ ഡ്യൂട്ടിയിൽ ഉണ്ടായിരുന്ന ആർപിഎഫ് ഉദ്യോഗസ്ഥനെ വിവരം അറിയിച്ചു. അദ്ദേഹം ഉടൻ തന്നെ റെയിൽവേ പൊലീസിന് വിവരം കൈമാറി. തുടർന്ന് എസ് ഐ രാജീവൻ, സീനിയർ സിവിൽ പൊലീസ് ഓഫീസർ വിജിത്ത്, സിപിഒ ജ്യോതിഷ് ജോസ്, ആർപിഎഫ് കോൺസ്റ്റബിൾ ടി സി സോജൻ എന്നിവർ ചേർന്ന് പ്രതികളെ ചൊവ്വാഴ്ച പിടികൂടി. പ്രതികളെ കാഞ്ഞങ്ങാട് കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.







