തിരുവനന്തപുരം: തുലാവര്‍ഷം ശക്തമായതോടെ എല്ലാ ജില്ലകളിലും ശക്തമായ മഴയുണ്ടാകുമെന്ന് മുന്നറിയിപ്പ്. തുടര്‍ച്ചയായി രണ്ട് ന്യൂനമര്‍ദങ്ങള്‍ രൂപപ്പെടുന്നതാണ് കേരളത്തില്‍ മഴയ്ക്ക് കാരണമാകുന്നതെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. ഒക്ടോബര്‍ 24, 25, 26 തീയതികളില്‍ അതിശക്തമായ മഴയാണ് പ്രതീക്ഷിക്കുന്നത്. മധ്യ -തെക്കന്‍ കേരളത്തിലാണ് അതിശക്തമായ മഴ സാധ്യത. മറ്റ് ജില്ലകളിലും പരക്കെ മഴ ലഭിക്കും. തെക്കുപടിഞ്ഞാറന്‍ ബംഗാള്‍ ഉള്‍ക്കടലില്‍ തമിഴ്നാട് തീരത്തിന് സമീപം ന്യൂനമര്‍ദ്ദം രൂപപ്പെട്ടു. തായ്ലന്ഡ് കടലിടുക്കിനും അതിനോട് ചേര്‍ന്ന തായ്ലന്ഡ്, മ്യാന്മര് പ്രദേശത്തിനും മുകളിലായി ചക്രവാതച്ചുഴി സ്ഥിതിചെയ്യുന്നു. ഈ ചക്രവാതച്ചുഴി ഇന്ന് വടക്കന്‍ ആന്‍ഡമാന്‍ കടലിലേക്ക് പ്രവേശിക്കാന്‍ സാധ്യത. തുടര്‍ന്ന് പടിഞ്ഞാറ്-വടക്കുപടിഞ്ഞാറ് ദിശയിലേക്ക് നീങ്ങും. ഇതിന്റെ സ്വാധീനഫലമായി 23-ഓടെ തെക്കുകിഴക്കന്‍ ബംഗാള്‍ ഉള്‍ക്കടലിലും അതിനോട് ചേര്‍ന്ന മധ്യ-കിഴക്കന്‍ ബംഗാള്‍ ഉള്‍ക്കടലിലും ന്യൂനമര്‍ദ്ദം രൂപപ്പെടാന്‍ സാധ്യത. തുടര്‍ന്ന് ഇത് വടക്കുപടിഞ്ഞാറന്‍ ദിശയിലേക്ക് നീങ്ങുകയും അടുത്ത മൂന്ന് ദിവസങ്ങളില്‍ കൂടുതല്‍ ശക്തിപ്രാപിക്കാനും സാധ്യത.
ഇന്ന് മുതല്‍ കേരളത്തില്‍ പരക്കെ മഴ ലഭിച്ചു തുടങ്ങും. 25 വരെ വിവിധ ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഇന്ന് തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം ജില്ലകളിലും നാളെ എറണാകുളം, തൃശൂര്‍, മലപ്പുറം, കോഴിക്കോട് ജില്ലകളിലും, ശനിയാഴ്ച
കോഴിക്കോട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലും, ഞയാറാഴ്ച ഇടുക്കി, എറണാകുളം, തൃശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളിലും തീവ്ര മഴമുന്നറിയിപ്പുണ്ട്. ഒറ്റപ്പെട്ടയിടങ്ങളില്‍ അതിശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിച്ചിരിക്കുന്നത്. ഇന്ന് ഇടുക്കി, എറണാകുളം, തൃശൂര്‍, പാലക്കാട്, മലപ്പുറം ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. അടുത്ത 3 മണിക്കൂറില്‍ കേരളത്തിലെ എല്ലാ ജില്ലകളിലും ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടത്തരം മഴയ്ക്ക് സാധ്യത. ഈമാസം 25 വരെ കേരള – ലക്ഷദ്വീപ്- കര്‍ണാടക തീരങ്ങളില്‍ മത്സ്യബന്ധനത്തിന് പോകാന്‍ പാടില്ലെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു








