ചെറുവത്തൂർ: അപൂർവ്വമായ ശ്വാസകോശ രോഗത്തെ തുടർന്ന് ചികിത്സയിൽ കഴിയുന്ന വെങ്ങാട്ട് നാരായണന്റെ മകനും തേപ്പ് തൊഴിലാളിയുമായ പതിക്കാലിലെ ടി. രതീഷിന്റെ ജീവൻ രക്ഷിക്കാൻ ആവശ്യമായ ചികിത്സയും ശസ്ത്രക്രിയയും നടത്തുന്നതിന് ജനകീയ ചികിത്സ സഹായ കമ്മിറ്റി രൂപീകരിച്ചു. രതീഷിനെ ലംഗ്സ് മാറ്റിവക്കൽ ശസ്ത്രക്രിയ അടിയന്തരമായി നടത്തണമെന്നാണ് ചികിത്സിക്കുന്ന ചെന്നൈ അപ്പോളോ ആശുപത്രിയിലെ ഡോക്ടർമാർ നിർദ്ദേശിച്ചിട്ടുള്ളത്. ഇതിനായി 80 ലക്ഷം രൂപ ചെലവ് വരും. സാമ്പത്തികമായി പ്രയാസം അനുഭവിക്കുന്ന കുടുംബത്തിന് ഇത്രയും ഭാരിച്ച തുക കണ്ടെത്താൻ പ്രയാസമായതിനാലാണ് സഹായം അഭ്യർത്ഥിച്ചു രംഗത്തിറങ്ങാൻ നാട്ടുകാർ തീരുമാനിച്ചത്. പാട്യം ക്ലബ് പരിസരത്ത് ചേർന്ന യോഗത്തിൽ ചെറുവത്തൂർ പഞ്ചായത്ത് പ്രസിഡണ്ട് ടി നാരായണൻ അധ്യക്ഷത വഹിച്ചു. പഞ്ചായത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ എം. രാമചന്ദ്രൻ, ജീവകാരുണ്യ പ്രവർത്തകൻ ഖലീഫ ഉദിനൂർ, എ. അമ്പൂഞ്ഞി, ഡി. എം സുകുമാരൻ, കെ.വി സുധാകരൻ, ടി.സി അബ്ദുൽ റഹ്മാൻ, സി.വി പ്രമീള, പൊറായിക്ക് മുഹമ്മദ്, എ. കെ ചന്ദ്രൻ, കെ. കെ രവീന്ദ്രൻ, വി. കൃഷ്ണൻ മാസ്റ്റർ, ഉദിനൂർ സുകുമാരൻ, ടി.രാജൻ, ടിവി കൃഷ്ണൻ, കുഞ്ഞിക്കണ്ണൻ മുട്ടത്ത്, ലൈജു, കെ. ഭാസ്ക്കരൻ തുടങ്ങിയവർ പ്രസംഗിച്ചു. ഭാരവാഹികൾ: ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ടി. നാരായണൻ ( ചെയർമാൻ) എം. രാമചന്ദ്രൻ ( കൺവീനർ ) ഖലീഫ ഉദിനുർ (കോഡിനേറ്റർ ). ധീരജവാൻ കിഴക്കേമുറിയിലെ കെ. വി അശ്വിന്റെ പിതാവ് എം കെ അശോകൻ, രതീഷിന്റെ ചികിത്സ സഹായനിധിയിലേക്ക് 1,00,000 രൂപ കൈമാറി. അശ്വിന്റെ നാലാം വാർഷിക സ്മൃതി ദിനാചാരണ ചടങ്ങിൽ കാഞ്ഞങ്ങാട് ഡിവൈഎസ്പി എം.വി അനിൽകുമാറിന്റെ സാന്നിധ്യത്തിൽ ചികിത്സാ സഹായ കമ്മിറ്റി കൺവീനർ രാമചന്ദ്രൻ, സി. വി പ്രമീള, കെ. ഭാസ്ക്കാരൻ എന്നിവർ ഏറ്റുവാങ്ങി. അശ്വിന്റെ അമ്മ കെ.വി കൗസല്യയും കുടുംബാംഗങ്ങളും ചടങ്ങിൽ പങ്കെടുത്തു.







