തൃശൂർ: കോടന്നൂർ പുത്തൻവെട്ടുവഴിയിൽ ദമ്പതികൾ വീടിനുള്ളിൽ ജീവനൊടുക്കിയ നിലയിൽ കണ്ടെത്തി. വടക്കേപുരക്കൽ വീട്ടിൽ സത്യൻ (66), ഭാര്യ കുമാരി (59) എന്നിവരെയാണ് ശനിയാഴ്ച പുലർച്ചെ വീടിന്റെ ഒരു ഭാഗത്ത് മരിച്ച നിലയിൽ കണ്ടെത്തിയത്. കുടുംബത്തിന് ബാധ്യതയാവാതിരിക്കാന് ജീവിതം അവസാനിപ്പിക്കുന്നു എന്ന് എഴുതിയ കുറിപ്പും കണ്ടെടുത്തു.
ദീർഘനാളുകളായി ഇരുവരും കടുത്ത ആരോഗ്യപ്രശ്നങ്ങളാൽ ബുദ്ധിമുട്ടുകയായിരുന്നു.
സത്യൻ പക്ഷാഘാതത്തെത്തുടർന്നും കുമാരി വൃക്കരോഗത്തെത്തുടർന്നും ദീർഘനാളായി ചികിത്സയിലായിരുന്നു.
ഇവരുടെ മകനും ഭാര്യയും ചോറ്റാനിക്കര ക്ഷേത്രദർശനം കഴിഞ്ഞ് പുലർച്ചെ മൂന്ന് മണിയോടെ തിരിച്ചെത്തിയപ്പോഴാണ് മാതാപിതാക്കളെ മരിച്ച നിലയിൽ കണ്ടത്.
തങ്ങളുടെ വിട്ടുമാറാത്ത രോഗങ്ങൾ കാരണം കുടുംബത്തിന് ഒരു തരത്തിലും ഭാരമോ ബാധ്യതയോ ആകാൻ ആഗ്രഹിക്കാത്തതിനാലാണ് ജീവിതം അവസാനിപ്പിക്കുന്നത് എന്ന് കത്തിൽ വ്യക്തമാക്കിയിട്ടുണ്ട്. കുടുംബത്തിന് മറ്റ് സാമ്പത്തിക ബാധ്യതകൾ ഉണ്ടായിരുന്നില്ലെന്നും മരണത്തിൽ മറ്റ് ദുരൂഹതകൾ ഇല്ലെന്നും അന്വേഷണത്തിൽ വ്യക്തമായിട്ടുണ്ട്. ചേര്പ്പ് പൊലീസ് സ്ഥലത്തെത്തി തുടർ നടപടികൾ സ്വീകരിച്ചു.








