കോട്ടയം: വൈക്കം സി ഐ ഓഫീസില് വിജിലന്സിന്റെ മിന്നല് റെയ്ഡ്. സി ഐ ഷമീര്ഖാന് അനധികൃത പണ ഇടപാടുകള് നടത്തിയതു കണ്ടെത്തിയതിന് പിന്നാലെയാണ് വിജിലന്സ് മിന്നല് പരിശോധന നടത്തിയത്. സ്റ്റേഷന് പരിധിയിലുള്ള ടിപ്പര്, ടോറസ്, ലോറിക്കാരില് നിന്നും, മണ്ണ് മാഫിയകളില് നിന്നും, സ്റ്റേഷനില് രജിസ്റ്റര് ചെയ്യുന്ന വിവിധ കേസുകളിലെ പ്രതികളില് നിന്നും വ്യാപകമായി കൈക്കൂലി വാങ്ങുന്നുവെന്ന രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു പരിശോധന. നേരിട്ടും യുപിഐ ട്രാന്സാക്ഷന് വഴിയും പണം വാങ്ങിയെന്നായിരുന്നു പരാതി ലഭിച്ചത്. അസം സ്വദേശിയായ ഒരാളുടെ പേരില് അക്കൗണ്ട് ആരംഭിച്ച് ഇതു വഴിയാണ് സിഐ ഷമീര്ഖാന് കൈക്കൂലി പണം വാങ്ങിയിരുന്നതെന്നാണ് പൊലീസ് പറയുന്നത്. വിജിലന്സ് നടത്തിയ പരിശോധനയില് ജോഗട്ട് ഗൊഗോയ് എന്നയാളുടെ അക്കൗണ്ടില് നിന്ന് ഏകദേശം 2,28,000 രൂപ കൈക്കൂലി ഇനത്തില് വാങ്ങിയതായി കണ്ടെത്തി. കഴിഞ്ഞ മാസം അഞ്ചിനാണ് വൈക്കം കാനറ ബാങ്കിൽ ഷമീർ ഖാൻ അക്കൗണ്ട് ഓപ്പൺ ചെയ്തത്. ഏഴാം തീയതി മുതൽ ഈ അക്കൗണ്ടിലേക്ക് പണം വന്നുതുടങ്ങി. രണ്ടരലക്ഷം രൂപയോളം അക്കൗണ്ടിലേക്ക് എത്തി. ഈ അക്കൗണ്ടിൻ്റെ വിശദാംശങ്ങൾ കണ്ടെത്തുന്നതിനായി കാനറാ ബാങ്കിൻ്റെ വൈക്കം ശാഖയിലും വിജിലൻസ് പരിശോധന നടത്തി. ഓരോ ദിവസവും എടിഎം കൗണ്ടറിൽ നിന്നും ഷമീർ ഖാൻ പിൻവലിച്ചിരുന്നു. വൈക്കം, കുറവിലങ്ങാട് ഭാഗങ്ങളിലെ വിവിധ എടിഎമ്മുകളിൽ നിന്നാണ് പണം പിന്വലിച്ചത്. ഹെൽമെറ്റും മാസ്ക്കും ധരിച്ചാണ് എടിഎമ്മിൽ കയറിയിരുന്നത്. ഇതിൻ്റെ സിസിടിവി ദൃശ്യങ്ങളും വിജിലൻസ് കണ്ടെത്തിയിട്ടുണ്ട്. സിഐയുടെ പക്കല് നിന്നും മൊബൈല് ഫോണും എടിഎം കാര്ഡും കണ്ടെത്തി. വിജിലന്സ് പൊലീസ് സൂപ്രണ്ട് ബിനുവിന്റെ നേതൃത്വത്തില് ഡിവൈഎസ്പി പ്രദീപ് കുമാറും മറ്റ് ഇന്സ്പെക്ടര്മാരുമാണ് പരിശോധനയില് പങ്കെടുത്തത്.








