തിരുവനന്തപുരം: സംസ്ഥാനത്ത് തുലാവര്ഷം ശക്തി പ്രാപിച്ചതോടെ ഇന്ന് അഞ്ച് ജില്ലകളില് അതിശക്തമായ മഴ മുന്നറിയിപ്പ് നല്കി. കണ്ണൂര്, കോഴിക്കോട്, വയനാട്, മലപ്പുറം, തിരുവനന്തപുരം എന്നീ ജില്ലകളിലാണ് കേന്ദ്ര കാലാവസ്ഥാ വകുപ്പ് ഓറഞ്ച് അലേര്ട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. മറ്റ് ജില്ലകളില് യെല്ലോ അലേര്ട്ടും പ്രഖ്യാപിച്ചു. ഇന്ന് കേരളത്തിലെ എല്ലാ ജില്ലകളിലും മഴ മുന്നറിയിപ്പ് ബാധകമാണ്. അടുത്ത അഞ്ചു ദിവസത്തേക്ക് കൂടി സംസ്ഥാനത്ത് മഴ തുടരുമെന്നാണ് പ്രവചനം. നാളെയും വിവിധ ജില്ലകളില് മഴ മുന്നറിയിപ്പ് തുടരുന്നുണ്ട്. കാസര്കോട്, കണ്ണൂര്, കോഴിക്കോട്, വയനാട്, മലപ്പുറം ജില്ലകളിലാണ് ഞായറാഴ്ച യെല്ലോ അലേര്ട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. ഓറഞ്ച് അലേര്ട്ട് പ്രഖ്യാപിച്ച ജില്ലകളില് 24 മണിക്കൂറിനുള്ളില് 115.6 മില്ലിമീറ്റര് മുതല് 204.4 മില്ലിമീറ്റര് വരെ മഴ ലഭിച്ചേക്കാം. ഒപ്പം ശക്തമായ ഇടിമിന്നലിനും മണിക്കൂറില് 40 മുതല് 50 കിലോമീറ്റര് വരെ വേഗതയില് കാറ്റ് വീശാനും സാധ്യതയുണ്ട്.
കേരളത്തില് തുലാവര്ഷം ഔദ്യോഗികമായി ആരംഭിച്ചതായി കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം വ്യക്തമാക്കിയിട്ടുണ്ട്. ഡിസംബര് വരെ തുലാവര്ഷം നീണ്ടുനില്ക്കാനാണ് സാധ്യത. വടക്കന് കാറ്റ് ശക്തമായ സാഹചര്യത്തില് വരും ദിവസങ്ങളില് വൈകുന്നേരങ്ങളില് ഇടിമിന്നലോട് കൂടിയ ശക്തമായ മഴയ്ക്കു സാധ്യതയുള്ളതിനാല് പൊതുജനങ്ങള് ജാഗ്രത പാലിക്കണമെന്ന് അധികൃതര് മുന്നറിയിപ്പ് നല്കിയിട്ടുണ്ട്.








