തിരുവനന്തപുരം: സംസ്ഥാനത്ത് ഒക്ടോബർ 19 തിങ്കളാഴ്ച പൊതുഅവധി പ്രഖ്യാപിച്ചു. നവരാത്രി ആഘോഷങ്ങളുമായി ബന്ധപ്പെട്ടാണ് തിങ്കളാഴ്ചയും അവധി പ്രഖ്യാപിച്ചത്. ഒക്ടോബർ 20 (മഹാനവമി), ഒക്ടോബർ 21 (വിജയദശമി) ദിവസങ്ങളിൽ നേരത്തെ തന്നെ അവധി പ്രഖ്യാപിച്ചിരുന്നു. എന്നാൽ പൂജവെയ്പ്പിനോട് അനുബന്ധിച്ച് ഒക്ടോബർ 19 തിങ്കളാഴ്ച കൂടി അവധി നൽകണമെന്ന് വിവിധ സംഘടനകൾ ആവശ്യപ്പെട്ടതിനെത്തുടർന്നാണ് ഇപ്പോൾ സർക്കാർ പൊതുഅവധി ഉത്തരവിറക്കിയത്. നെഗോഷ്യബിൾ ഇൻസ്ട്രുമെൻ്റ്സ് ആക്ട് പ്രകാരമാണ് അവധി. ഉത്തരവ് ഇന്നു ഇറങ്ങുമെന്ന് സർക്കാർ വൃത്തങ്ങൾ അറിയിച്ചു.
ഈ പ്രഖ്യാപനത്തോടെ ഒക്ടോബർ 18 ഞായറാഴ്ച മുതൽ ഒക്ടോബർ 21 ബുധനാഴ്ച വരെ തുടർച്ചയായി നാല് ദിവസത്തെ അവധിയാണ് സംസ്ഥാനത്ത് ലഭിക്കുന്നത്.








