തിരുവനന്തപുരം: വണ്ടിത്തടത്ത് വീട്ടില് കുഴഞ്ഞുവീണ ആളെ ആശുപത്രിയിലെത്തിക്കാന് സഹായിക്കാനെത്തിയ അയല്വാസി കുഴഞ്ഞുവീണു മരിച്ചു. രക്ഷിക്കാന് ശ്രമിച്ചയാളും രക്ഷിക്കാനെത്തിയ ആളും മരണപ്പെട്ടതിന്റെ നടുക്കത്തിലാണ് പ്രദേശം. വണ്ടിത്തടം കുരിശടിക്കു സമീപം ഇടറോഡില് സുരേഷ് (44), അയല്വാസി അജികുമാര് (52) എന്നിവരാണു മരിച്ചത്. വ്യാഴാഴ്ച രാത്രിയായിരുന്നു സംഭവം. സുരേഷാണ് ആദ്യം വീട്ടില്വച്ച് കുഴഞ്ഞുവീണത്. വിവരമറിഞ്ഞ് ഉടന്തന്നെ സഹായത്തിനായി അജികുമാര് ഓടിയെത്തി. സുരേഷിനെ ആശുപത്രിയിലേക്ക് മാറ്റാനുള്ള ശ്രമങ്ങള്ക്കിടെ അജികുമാറും പെട്ടെന്ന് കുഴഞ്ഞുവീഴുകയായിരുന്നു. ഇരുവരെയും മെഡിക്കല് കോളേജ് ആശുപത്രിയില് എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. വൈകിട്ട് ശുചിമുറിയില് പോയ സുരേഷിനെ ഏറെനേരം കഴിഞ്ഞിട്ടും കാണാത്തതിനെത്തുടര്ന്ന് ഭാര്യ അന്വേഷിച്ചപ്പോഴാണ് കുഴഞ്ഞുവീണ നിലയില് കണ്ടതെന്നു നാട്ടുകാര് പറഞ്ഞു. പ്രധാന റോഡിലേക്ക് എത്താന് 150 മീറ്ററോളം ദൂരമുള്ളതിനാല് അയല്വാസികള് ചേര്ന്നാണു സുരേഷിനെ ആംബുലന്സില് എത്തിച്ചത്. ഇതിനിടെയാണ് അജി സ്ഥലത്ത് എത്തിയതും കുഴഞ്ഞുവീണതുമെന്നു നാട്ടുകാര് പറഞ്ഞു. സുരേഷ് നഗരത്തില് ബാങ്കിലെ സുരക്ഷാ ജീവനക്കാരനാണ്. മൃതദേഹങ്ങള് മെഡിക്കല് കോളേജ് ആശുപത്രി മോര്ച്ചറിയിലേക്ക് മാറ്റി.








