തിരുവനന്തപുരം: വിമാനത്താവളത്തിലെ എയര് കാര്ഗോയില്നിന്ന് ഒന്പതര കോടി രൂപ വിലവരുന്ന 6.2 കിലോ സ്വര്ണം പിടികൂടിയ സംഭവത്തില് ഒരാള് അറസ്റ്റില്. സ്വര്ണം കാസര്കോട് എത്തിക്കാനെത്തിയ സംഘത്തിലൊരാളായ കണ്ണൂര് സ്വദേശി അമല്രാജിനെയാണ് ഡയറക്ടര് ഓഫ് റവന്യൂ ഇന്റലിജന്സ് സംഘം അറസ്റ്റ് ചെയ്തത്. ബുധനാഴ്ച പുലര്ച്ചെയാണ് ദുബായില്നിന്ന് തിരുവനന്തപുരത്തെത്തിയ എമിറേറ്റ്സ് വിമാനത്തില് നിന്ന് സ്വര്ണം പിടികൂടിയത്. യാത്രക്കാരനില്ലാതെയാണ് സ്വര്ണം കടത്തിയത്. അണ് ഒക്യുപ്പൈഡ് ബാഗിലാണ് സ്വര്ണം ഒളിപ്പിച്ചിരുന്നത്. ബാഗിന്റെ അകത്തും ഡോര് ലോക്കിലുമായി 6.2 കിലോ തൂക്കമുള്ള സ്വര്ണം ദണ്ഡ് രൂപത്തിലാക്കിയാണ് കടത്താന് ശ്രമിച്ചത്. സംഭവത്തില് എയര് കാര്ഗോ ഏജന്റ് സുരേന്ദ്രന്, കെ.എസ്.ഐ.ഇ.യിലെ ഡ്രൈവറും പത്തനംതിട്ട സ്വദേശിയുമായ ഹാരോള്ഡ് ഫിലിപ്പ് എന്നിവരെ പിടികൂടിയിരുന്നു. ഇവരില് നിന്ന് സ്വര്ണം വാങ്ങി കാസര്കോട് എത്തിക്കാനാണ് അമല്രാജ് എത്തിയത്. അതേസമയം ആരാണ് സ്വര്ണം അയച്ചതെന്ന് ഉദ്യോഗസ്ഥര് വെളിപ്പെടുത്തിയിട്ടില്ല. ശംഖുമുഖത്തുള്ള കേരള സ്റ്റേറ്റ് ഇന്ഡസ്ട്രിയല് എന്റര്പ്രൈസസിന്റെ (കെ.എസ്.ഐ.ഇ) നിയന്ത്രണത്തിലുള്ള എയര്കാര്ഗോ വഴി സ്വര്ണം കടത്താനായിരുന്നു പദ്ധതി.








