കണ്ണൂർ: പഴനി തീർത്ഥാടനം കഴിഞ്ഞ് മടങ്ങുകയായിരുന്ന കുടുംബം സഞ്ചരിച്ച കാർ നിയന്ത്രണം വിട്ടു മറിഞ്ഞുണ്ടായ അപകടത്തിൽ പരിക്കേറ്റു ചികിത്സയിലായിരുന്ന 12കാരൻ മരിച്ചു. ഇരിട്ടി കൊട്ടുകപ്പാറയിൽ താമസിക്കുന്ന കൂത്തുപറമ്പ് സ്വദേശി പ്രജിത്തിന്റെയും സ്മിതയുടെയും മകൻ ടി കെ ശിവജിത്ത് (12) ആണ് മരിച്ചത്. എടൂർ സെന്റ് മേരീസ് ഹയർ സെക്കൻഡറി സ്കൂളിലെ ഏഴാം ക്ലാസ് വിദ്യാർത്ഥിയായിരുന്നു. കഴിഞ്ഞദിവസം കോഴിക്കോട് മലാപറമ്പിൽ ആയിരുന്നു അപകടം. മറ്റൊരു വാഹനത്തെ മറികടക്കവേ തീർത്ഥാടകർ സഞ്ചരിച്ച കാർ നിയന്ത്രണം വിട്ട് ഡിവൈഡറിൽ ഇടിച്ചു മറിയുകയായിരുന്നു. ഇതിനിടയിൽ കുട്ടി കാറിൽ നിന്ന് തെറിച്ചു പുറത്തേക്കു വീണിരുന്നു. തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ ശിവജിത്ത് കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. ബുധനാഴ്ച ഉച്ചയ്ക്ക് രണ്ടുമണിക്ക് മൃതദേഹം സ്കൂളിൽ പൊതുദർശനത്തിന് വയ്ക്കും. തുടർന്ന് മൂന്നരയ്ക്ക് മുണ്ടയാംപറമ്പ് പൊതുശ്മശാനത്തിൽ സംസ്കരിക്കും. സഹോദരി എമി റോസ്.








