കാസര്‍കോട്: കാര്‍ ആക്‌സസറീസ് ഷോപ്പ് നടത്തിപ്പിന്റെ മറവില്‍ മയക്കുമരുന്ന് ഇടപാട് നടത്തിയിരുന്ന യുവാവിനെ പൊലീസ് അറസ്റ്റു ചെയ്തു. പാണത്തൂര്‍, ബാപ്പുംകയം മറ്റത്തില്‍ എംഎ ആരിഫി (34)നെയാണ് ജില്ലാ നാര്‍ക്കോട്ടിക് സെല്‍ ഡാന്‍സാഫ് സ്‌ക്വാഡും ബേക്കല്‍ പൊലീസും ചേര്‍ന്ന് അറസ്റ്റു ചെയ്തത്. ഇയാളില്‍ നിന്ന് 4.420 ഗ്രാം എംഡിഎംഎയും 30000 രൂപയും പിടികൂടി.
ഇന്നലെ (തിങ്കള്‍) രാത്രി ഒന്‍പത് മണിയോടെ ഉദുമ, പള്ളത്തെ ഒരു ഓട്ടോ മൊബൈല്‍ സ്ഥാപനത്തിന് സമീപത്ത് വച്ചാണ് അറസ്റ്റ്. അറസ്റ്റിലായ ആരിഫ് നേരത്തെ പൊലീസിന്റെ നിരീക്ഷണത്തിലായിരുന്നുവെന്നു പറയുന്നു. ഇന്നലെ രാത്രി ബേക്കല്‍ എസ്‌ഐ യു. റോഷിത്തും സംഘവും പട്രോളിംഗ് നടത്തുന്നതിനിടയിലാണ് പള്ളത്ത് എത്തിയത്. പൊലീസ് വാഹനം കണ്ടതോടെ യുവാവ് മരത്തിന്റെ മറവിലേക്ക് ഓടി മറയുന്നത് കണ്ട് പൊലീസ് വാഹനം നിര്‍ത്തി. ഇതോടെ ഓടാന്‍ ശ്രമിച്ച യുവാവിനെ ഓടിച്ചിട്ട് പിടികൂടി ദേഹ പരിശോധന നടത്തിയപ്പോഴാണ് എംഡിഎംഎ കണ്ടെടുത്തതെന്നു ബേക്കൽ പൊലീസ് രജിസ്റ്റർ ചെയ്ത കേസിൽ പറയുന്നു.







