കാസര്‍കോട്: പെരിയ ,മൂന്നാം കടവില്‍ തുടര്‍ച്ചയായ രണ്ടാം ദിവസവും വാഹനാപകടം. വളം കയറ്റിയെത്തിയ ലോറി നിയന്ത്രണം തെറ്റി ഞായറാഴ്ച ഗൃഹപ്രവേശനം കഴിഞ്ഞ വീട്ടുമുറ്റത്തേക്ക് മറിഞ്ഞു. അപകടത്തില്‍ കണ്ണൂര്‍ പിണറായി സ്വദേശിയായ ഡ്രൈവര്‍ക്ക് സാരമായി പരിക്കേറ്റു. ഇയാളെ കണ്ണൂരിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
ഇന്നലെ (തിങ്കള്‍) രാത്രി 12.20 മണിയോടെയാണ് ലോറി അപകടത്തില്‍പ്പെട്ടത്. കുണ്ടംകുഴി ഭാഗത്തേക്ക് വളവും കയറ്റി പോവുകയായിരുന്നു. മൂന്നാംകടവ് ഇറക്കത്തില്‍ എത്തിയപ്പോള്‍ നിയന്ത്രണം തെറ്റി മുഹമ്മദ് എന്നയാളുടെ വീട്ടുമുറ്റത്തേക്ക് മറിയുകയായിരുന്നു. അപകടത്തില്‍ ലോറി പൂര്‍ണമായും തകര്‍ന്നു. അകത്തു കുടുങ്ങിയ ഡ്രൈവറെ നാട്ടുകാര്‍ സാഹസികമായാണ് രക്ഷപ്പെടുത്തിയത്. ആദ്യം ചെങ്കള, ഇന്ദിരാനഗരിലെ ആശുപത്രിയില്‍ എത്തിക്കുകയായിരുന്നു. അവിടെ നിന്നാണ് കണ്ണൂരിലെ ആശുപത്രിയിലേക്ക് മാറ്റിയത്.

ഇന്നലെ (തിങ്കള്‍) പുലര്‍ച്ചെയും മൂന്നാംകടവ് കയറ്റത്തില്‍ അപകടം ഉണ്ടായിരുന്നു. സുള്ള്യയില്‍ നിന്ന് കോഴികളുമായി കാഞ്ഞങ്ങാട്ഭാ ഗത്തേക്ക് പോവുകയായിരുന്ന പിക്കപ്പാണ് അപകടത്തില്‍പ്പെട്ടത്. തലനാരിഴക്കാണ് പിക്കപ്പ് താഴ്ചയിലേക്ക് മറിയാതിരുന്നത്.
മൂന്നാംകടവ് ഇറക്കത്തില്‍ നേരത്തെ ഉണ്ടായ അപകടങ്ങളില്‍ നിരവധി പേര്‍ക്ക് ജീവന്‍ നഷ്ടപ്പെടുകയും ഗുരുതരമായി പരിക്കേല്‍ക്കുകയും ചെയ്തിരുന്നു.
റോഡ് നിര്‍മ്മാണത്തിലെ അശാസ്ത്രീയതയാണ് തുടര്‍ച്ചയായ അപകടങ്ങള്‍ക്ക് ഇടയാക്കുന്നത് എന്നാണ് നാട്ടുകാര്‍ പറയുന്നത്. പ്രശ്‌നത്തിന് പരിഹാരം കാണണമെന്ന് ആവശ്യപ്പെട്ട് നാട്ടുകാര്‍ പലതവണ റോഡ് ഉപരോധം അടക്കമുള്ള സമരങ്ങള്‍ നടത്തിയിരുന്നു. പ്രശ്‌നപരിഹാരം ഉണ്ടാക്കാമെന്നു അധികൃതര്‍ ഉറപ്പുനല്‍കിയിരുന്നവെങ്കിലും ഇതുവരെ യും നടപടിയെടുക്കാത്തത്നാട്ടുകാര്‍ക്കിടയില്‍ അമര്‍ഷത്തിനും പ്രതിഷേധത്തിനും ഇടയാക്കിയിട്ടുണ്ട്. പ്രശ്‌നത്തിന് പരിഹാരം കാണണമെന്ന് ആവശ്യപ്പെട്ട് അനിശ്ചിതകാല സമരത്തിന് ഇറങ്ങാനാണ് നാട്ടുകാരുടെ നീക്കം. ഇതിന് മുന്നോടിയായി ബഹുജന യോഗം ചേരാനും ആലോചനയുണ്ട്.







