കൊല്ലം: വീടിനുള്ളില്‍ കളിച്ചുകൊണ്ടിരുന്ന ഒന്നരവയസുകാരിയുടെ സ്വര്‍ണാഭരണങ്ങള്‍ കവര്‍ന്ന സ്ത്രീയെ മണിക്കൂറുകള്‍ക്കുള്ളില്‍ പൊലീസ് പിടികൂടി. ചവറ പന്മന കൊല്ലക ദാറുല്‍ മുബാറിക്കില്‍ ഹസീന (45) ആണ് അറസ്റ്റിലായത്. ഞായറാഴ്ച രാവിലെ കൊല്ലക കന്നിമൂല കിഴക്കേതില്‍ സതീഷിന്റെ വീട്ടിലാണ് മോഷണം നടന്നത്. നേരത്തേ സതീഷിന്റെ വീട്ടുകാരുമായി ഹസീനയ്ക്കു പരിചയമുണ്ടായിരുന്നു. കുട്ടി വീടിനകത്തിരുന്നു കളിക്കുകയായിരുന്നു. കുട്ടിയുടെ മാതാവ് തുണി അലക്കുന്ന തക്കത്തിലാണ് ഹസീന വീട്ടിലെത്തിയത്. തുറന്നു കിടന്ന അടുക്കള വാതില്‍ വഴി ഹസീന അകത്തു കടന്ന്
കുട്ടിയുടെ ശരീരത്തില്‍ കിടന്ന ഒരു പവന്‍ തൂക്കം വരുന്ന അരഞ്ഞാണവും 9 ഗ്രാം തൂക്കം വരുന്ന മാലയും ഊരിയെടുത്ത് മുന്‍വാതില്‍ തുറന്ന് പുറത്തേക്കു പോകുകയായിരുന്നു. കുട്ടിയുടെ കരച്ചില്‍ കേട്ട് മാതാവ് വന്നു നോക്കിയപ്പോഴാണ് ആഭരണങ്ങള്‍ നഷ്ടപെട്ടത് ശ്രദ്ധയില്‍പെടുന്നത്. കള്ളന്മാര്‍ എത്തി കുട്ടിയുടെ സ്വര്‍ണാഭരണങ്ങള്‍ കവര്‍ന്നതാകാമെന്ന നിഗമനത്തില്‍ വീട്ടുകാര്‍ അപ്പോള്‍ത്തന്നെ ചവറ പൊലീസില്‍ പരാതി നല്‍കുകയായിരുന്നു. പൊലീസ് വീട്ടിലെത്തി പരിശോധന നടത്തി. സമീപപ്രദേശങ്ങളിലെ സിസിടിവികള്‍ കേന്ദ്രീകരിച്ചും വഴിയാത്രക്കാരോട് അന്വേഷിച്ചും പ്രതിയെ കുറിച്ച് സൂചനലഭിച്ചു. അപ്പോഴാണ് സ്വര്‍ണാഭരണങ്ങള്‍ കരുനാഗപ്പള്ളിയിലെ ഒരു ജ്വല്ലറിയില്‍ വിറ്റ് 2 ലക്ഷം രൂപയുമായി മടങ്ങിവരുന്ന ഹസീന പൊലീസിന്റെ മുന്നില്‍പെട്ടത്. സംശയത്തെ തുടര്‍ന്ന് പൊലീസ് നടത്തിയ ചോദ്യം ചെയ്യലില്‍ ഹസീന കുറ്റം സമ്മതിച്ചു. കോടതിയില്‍ ഹാജരാക്കി ഹസീനയെ റിമാന്‍ഡ് ചെയ്തു. എസ്എച്ച്ഒ സുജോ ജോര്‍ജ് ആന്റണി, എസ്‌ഐ ബി.ഓമനക്കുട്ടന്‍, ഗ്രേഡ് എസ്‌ഐ ഷാജിമോന്‍, എസ്സിപിഒ വി.പ്രദീപ്, സിപിഒ ആര്യ എന്നിവരടങ്ങുന്ന സംഘമാണ് അന്വേഷണ സംഘത്തിലുണ്ടായിരുന്നത്.








