പയ്യന്നൂര്‍: പെരുമ്പ പുഴയില്‍ ചാടിയ 23 കാരിയുടെ മൃതദേഹം കണ്ടെത്തി. കാനായി മുക്കൂട് സ്വദേശിനി സി ശ്രുതിയാണ് മരിച്ചത്. പയ്യന്നൂരിലെ മാളിലെ ജീവനക്കാരിയായിരുന്നു. തിങ്കളാഴ്ച വൈകീട്ട് വിവാഹവുമായി ബന്ധപ്പെട്ട് പ്രതിശ്രുത വരന്റെ വീട്ടുകാരുമായി സംസാരിച്ചുകൊണ്ടിരിക്കെ പെട്ടെന്ന് ഇറങ്ങി സ്‌കൂട്ടറില്‍ കയറി പോവുകയായിരുന്നു. അമ്മാവന്‍ എം. ശ്രീധരന്റെ പരാതിയില്‍ പൊലീസ് കേസെടുത്ത് അന്വേഷിക്കുന്നതിനിടെ ശ്രുതിയുടെ സ്‌കൂട്ടര്‍ പുഴയോരത്ത് ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തി. യുവതിയുടെ ചെരിപ്പും പെരുമ്പ പാലത്തിന് സമീപം കണ്ടെത്തിയതോടെയാണ് പുഴയില്‍ ചാടിയതായി സംശയം ഉയര്‍ന്നത്. തുടര്‍ന്ന് ഫയര്‍ഫോഴ്‌സും നാട്ടുകാരും രാത്രി തിരച്ചില്‍ നടത്തിയിരുന്നു. ചൊവ്വാഴ്ച രാവിലെ ഇക്കോ തണല്‍പാര്‍ക്കിന് സമീപത്തെ പുഴയില്‍ നിന്ന് മൃതദേഹം കണ്ടെത്തി. മൃതദേഹം പരിയാരം കണ്ണൂര്‍ ഗവ.മെഡിക്കല്‍ കോളേജ് മോര്‍ച്ചറിയിലേക്ക് മാറ്റി. പയ്യന്നൂര്‍ പൊലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തു. പരേതനായ സി ചന്ദ്രന്റെയും എം ജാനകിയുടെയും മകളാണ്. സഹോദരി: ശ്രീലക്ഷ്മി








