കാസര്‍കോട് നഗരത്തിലെ ഗതാഗതക്കുരുക്കിന് പരിഹാരം വേണം, നടപടി ഉണ്ടായില്ലെങ്കില്‍ ഉപരോധസമരം; ജില്ലാ ജനകീയ വികസന സമിതി മനുഷ്യച്ചങ്ങല തീര്‍ത്തു

കാസര്‍കോട്: നഗരത്തിലെ രൂക്ഷമായ ഗതാഗതക്കുരുക്കിന് ശാശ്വത പരിഹാരം കാണുക, എം.ജി. റോഡ് ഉള്‍പ്പെടെയുള്ള പ്രധാന റോഡുകള്‍ വികസിപ്പിക്കുക, അനധികൃത നിര്‍മാണങ്ങള്‍ക്കെതിരെ നടപടി സ്വീകരിക്കുക, ശാസ്ത്രീയമായ പാര്‍ക്കിങ് സംവിധാനം ഏര്‍പ്പെടുത്തുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ച് ജില്ലാ ജനകീയ വികസന സമിതിയുടെയും റോഡ് ടീക്കറൊ കൂട്ടായ്മയുടെയും നേതൃത്വത്തില്‍ മനുഷ്യച്ചങ്ങല സംഘടിപ്പിച്ചു. പുതിയ ബസ് സ്റ്റാന്‍ഡ് സര്‍ക്കിള്‍ മുതല്‍ എം.ജി. റോഡ് വരെയുള്ള മേഖലയിലെ ഗതാഗതപ്രശ്‌നങ്ങള്‍ക്ക് പരിഹാരം ആവശ്യപ്പെട്ട് സംഘടിപ്പിച്ച മനുഷ്യച്ചങ്ങലയില്‍ ആബാലവൃദ്ധം ജനങ്ങള്‍ പങ്കെടുത്തു. 45 ദിവസത്തിനകം റോഡ് വികസനവുമായി ബന്ധപ്പെട്ട് അനുഭാവപൂര്‍വവും ഫലപ്രദവുമായ നടപടികള്‍ ഉണ്ടായില്ലെങ്കില്‍ ഉപരോധസമരം ഉള്‍പ്പെടെയുള്ള ശക്തമായ പ്രക്ഷോഭപരിപാടികളുമായി മുന്നോട്ടുപോകുമെന്ന് മനുഷ്യച്ചങ്ങലയില്‍ പങ്കെടുത്തവര്‍ മുന്നറിയിപ്പ് നല്‍കി. വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ച് നഗരസഭാ ചെയര്‍പേഴ്‌സണ്‍, എം.എല്‍.എ, ജില്ലാ കലക്ടര്‍, പൊതുമരാമത്ത് വകുപ്പ് എക്‌സിക്യൂട്ടീവ് എന്‍ജിനീയര്‍ എന്നിവര്‍ക്ക് നിവേദനം സമര്‍പ്പിക്കുമെന്നു സമരസമിതി ഭാരവാഹികള്‍ അറിയിച്ചു. അഡ്വ. ബഷീര്‍ ആലടി മനുഷ്യച്ചങ്ങല ഉദ്ഘാടനം ചെയ്തു. സൈഫുദ്ദീന്‍ മാക്കോട് അധ്യക്ഷത വഹിച്ചു. സുബൈര്‍ പടുപ്പ് മുഖ്യപ്രഭാഷണം നടത്തി. ഹമീദ് ചാത്തങ്കൈ, ഹമീദ് ചേരങ്കൈ, അബ്ദുല്ല അക്കര, ഫൈസല്‍ കോളിയടുക്കം, ഫത്താഹ് ബങ്കര, ഹമീദ് കിഴൂര്‍, സി.എം.എ. ജലീല്‍, ബഷീര്‍ ബി.ടി., റഫീഖ് തളങ്കര, ഹക്കീം ബേക്കല്‍, സലാം സോലാര്‍ ദേളി,മുഹമ്മദ് ഇച്ചിലിങ്കാല്‍, ശാഫി അണങ്കൂര്‍, ഫസല്‍ റഹ്‌മാന്‍ മാസ്റ്റര്‍ കളനാട് തുടങ്ങിയവര്‍ സംസാരിച്ചു. സമരസമിതി ഭാരവാഹികള്‍: സൈഫുദ്ദീന്‍ കെ. മാക്കോട് (ചെയര്‍മാന്‍), അബ്ദുല്‍ ഹമീദ് ചാത്തങ്കൈ (ജനറല്‍ കണ്‍വീനര്‍).

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
Scroll to top

You cannot copy content of this page