പുനലൂര്‍: അധ്യാപികമാരുടെയും സഹപാഠികളുടെയും ചിത്രങ്ങള്‍ മോര്‍ഫ് ചെയ്ത് പ്രചരിപ്പിച്ചെന്ന പരാതിയില്‍ എന്‍ജിനീയറിങ് വിദ്യാര്‍ത്ഥിക്കെതിരെ കേസെടുത്തു. പുനലൂര്‍ ഗവ. പോളിടെക്‌നിക്കിലെ വിദ്യാര്‍ത്ഥി എസ് അച്യുതിനെതിരെയാണ് പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തതത്. അധ്യാപകരുടേയും വിദ്യാര്‍ത്ഥിനികളുടേയും ചിത്രങ്ങള്‍ മോര്‍ഫ് ചെയ്തത് അശ്ലീല സൈറ്റുകളില്‍ പ്രചരിപ്പിച്ചെന്ന കോളേജ് അധികൃതരുടെ പരാതിയിലാണ് കേസെടുത്തത്. സംഭവത്തില്‍ വിദ്യാര്‍ത്ഥിനികളും പരാതി നല്‍കിയിട്ടുണ്ട്.
പോളിടെക്‌നിക്കിലെ അഞ്ചാം സെമസ്റ്റര്‍ ഇലക്ട്രോണിക്‌സ്സ് എന്‍ജിനീയറിങ് വിദ്യാര്‍ത്ഥിയാണ് അച്യുത്. ചിത്രങ്ങള്‍ മോര്‍ഫ് ചെയ്ത് പ്രചരിപ്പിച്ചുവെന്ന് ഇയാള്‍ രക്ഷിതാക്കളോടും അധ്യാപകരോടും സമ്മതിച്ചിട്ടുണ്ട്. സംഭവത്തില്‍ അച്യുതിനെ കോളേജില്‍ നിന്നും സസ്പന്‍ഡ് ചെയ്തു. സംഭവവുമായി ബന്ധപ്പെട്ട് ആറാം തീയതിയാണ് പുനലൂര്‍ പൊലീസില്‍ കോളേജ് അധികൃതര്‍ പരാതി നല്‍കുന്നത്. എന്നാല്‍ രണ്ടുദിവസം പിന്നിട്ടിട്ടും പൊലീസ് നടപടി സ്വീകരിക്കാത്തത് രാഷ്ട്രീയകക്ഷികളുടെ ഇടപെടല്‍ കാരണമെന്നാണ് വിദ്യാര്‍ത്ഥികളുടെ ആരോപണം.
സഹപാഠികളുടെയും അധ്യാപികമാരുടെയും ചിത്രങ്ങള്‍ മോര്‍ഫ് ചെയ്ത് സൈറ്റുകളില്‍ പ്രചരിപ്പിച്ചു എന്ന് വിദ്യാര്‍ഥി തന്നെ സമ്മതിച്ച സാഹചര്യത്തില്‍ പൊലീസിന്റെ ഭാഗത്തുനിന്നും നടപടി ഉണ്ടാകുന്നതിനുള്ള കാലതാമസം വലിയ പ്രതിഷേധമാണ് ഉയര്‍ത്തുന്നത്. ആഴ്ചകള്‍ക്കുമുമ്പ് കൊച്ചി കാക്കനാട് കോളേജില്‍ സമാന സ്വഭാവം ഉള്ള ആരോപണം ഉയര്‍ന്നിരുന്നു.








