കാസര്‍കോട്: കേന്ദ്ര സര്‍വകലാശാലയില്‍ വന്ദേമാതരം ദേശീയ സെമിനാറിനിടെ പ്രതിഷേധിച്ച വിദ്യാര്‍ത്ഥികള്‍ക്കെതിരെ കേസ്. കണ്ടാലറിയാവുന്ന 25 പേര്‍ക്കെതിരെയാണ് ബേക്കല്‍ പൊലീസ് കേസെടുത്തത്. പൊലീസ് സ്വമേധയാ കേസെടുക്കുകയായിരുന്നു. സംഘം ചേര്‍ന്ന് സെമിനാര്‍ അലങ്കോലപ്പെടുത്തി എന്നാണ് എഫ്‌ഐആറില്‍ പറയുന്നത്. ഗവര്‍ണറുടെ പരിപാടിക്ക് ശേഷം പരിപാടിയുടെ പ്രധാന സംഘാടകനും പ്രോക്ടറുമായ കെ ശ്രീകുമാറിന്റെ അലങ്കോലപ്പെടുത്തുന്നുണ്ടെന്ന വിവരത്തെ തുടര്‍ന്നാണ് ഇന്‍സ്‌പെക്ടര്‍ പി അജിത്ത് കുമാറിന്റെ നേതൃത്വത്തിലുള്ള പൊലീസ് സര്‍വകലാശാലയിലെത്തിയത്. ശ്രീകുമാര്‍ പ്രസംഗിക്കുന്നതിനിടെ ഗോ ബാക്ക് വിളികളുമായി വിദ്യാര്‍ത്ഥികള്‍ എത്തുകയായിരുന്നു. ചെരിപ്പും ഷൂസും ഉയര്‍ത്തി പ്രസംഗം നിര്‍ത്തണണെന്നാവശ്യപ്പെട്ട് വിവിധ സംഘടനകളില്‍ പെട്ട വിദ്യാര്‍ഥികള്‍ ബഹളം വച്ചതോടെ പൊലീസ് ഇടപെട്ടു. അവരുവരുടെ സീറ്റുകളില്‍ ഇരുന്നില്ലെങ്കില്‍ നടപടിയെടുക്കുമെന്ന് പൊലീസ് അറിയിച്ചു. പൊലീസ് ഉത്തരവ് പാടെ അവഗണിച്ച് അക്രമസക്തരാകുകയും കൂടുതല്‍ മുദ്രാവാക്യം മുഴക്കുകയുമാണ് വിദ്യാര്‍ഥികള്‍ ചെയ്തത്. വിദ്യാര്‍ത്ഥികള്‍ മൈക്ക് ഓഫ് ചെയ്തതോടെ ലൈബ്രറി ഹാളില്‍ നടന്ന സെമിനാര്‍ തടസ്സപ്പെട്ടു. എബിവിപി പ്രവര്‍ത്തകരും എസ്എഫ്‌ഐ, എന്‍എസ്‌യുഐ, എംഎസ്എഫ് പ്രവര്‍ത്തകരും രണ്ട് വിഭാഗങ്ങളായി തിരിഞ്ഞ് വാഗ്വാദം ഉണ്ടാവുകയും ചെയ്തു. ഇതോടെ പൊലീസ് വിദ്യാര്‍ഥികളെ ബലംപ്രയോഗിച്ച് സ്ഥലത്തുനിന്ന് നീക്കി. പൊലീസ് ഇടപെട്ടില്ലെങ്കില്‍ വിദ്യാര്‍ഥി സംഘടനകളും സംഘാടകരും തമ്മില്‍ വലിയെരു സംഘര്‍ഷവും അക്രമവുമുണ്ടാകുമായിരുന്നുവെന്ന് എഫ്‌ഐആറില്‍ പറയുന്നു.







